ശ്രീഹരിക്കോട്ട : മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്ക് ശേഷമാണ് നിർണായക പരീക്ഷണത്തിലേയ്ക്ക് ഐ.എസ്.ആർ.ഒയിലെ ശ്സ്ത്രജ്ഞർ കടന്നത്. രാവിലെ എട്ട് മണിയ്ക്ക് ശ്രീഹരികോട്ടയിലെ ഒന്നാം വിക്ഷേപണതറയിൽ നിന്നും പറന്നുയരുന്ന തരത്തിൽ റോക്കറ്റ് സജീകരിക്കുകയും ചെയ്തു. ഏഴ് മണിയോടെ കൗൺ ഡൗൺ ആരംഭിച്ചു. പക്ഷെ കാലാവസ്ഥയിൽ പെട്ടന്ന് മാറ്റം വന്നതോടെ 8.30 ലേയ്ക്ക് ലോഞ്ച് മാറ്റി. പക്ഷെ ആ സമയത്തും റോക്കറ്റ് പ്രവർത്തിപ്പിക്കാനായില്ല. വിക്ഷേപണ റോക്കറ്റിന്റെ ജ്വലനം പ്രതീക്ഷിച്ചിരുന്നത് പോലെ ഉണ്ടായില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കണം. അതിന് ശേഷം പരീക്ഷണം തുടരും. അതിനായി മറ്റൊരു ദിവസത്തേയ്ക്ക് പരീക്ഷണം മാറ്റിയതായും അദേഹം പറഞ്ഞു. ബഹിരാകാശ സഞ്ചാരികളെ തിരികെ ഭൂമിയിലേയ്ക്ക് സുരക്ഷിതമായി കൊണ്ട് വരുന്ന മൊഡ്യൂളും വിക്ഷേപന വാഹനവും സുരക്ഷിതമാണ്.
ഗംഗയാൻ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗൻയാൻ. ഇതിലെ ബഹിരാകാശ സഞ്ചാരികളുടെ എസ്കേപ്പ് സിസ്റ്റം (സിഇഎസ്) പരീക്ഷണമാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.ബഹിരാകാശ സഞ്ചാരികളെ പാർപ്പിക്കുന്ന മൊഡ്യൂളിന് മറ്റ് ബഹിരാകാശ പേടകങ്ങളിൽ നിന്നും, റോക്കറ്റിൽ നിന്നും വേർപെടാനും കഴിയുമോയെന്ന് പരിശോധിക്കുന്ന പരീക്ഷണമാണിത്.അത്യാവശ്യ സന്ദർഭങ്ങളിൽ മനുഷ്യരെ സുരക്ഷിതമായി സംരക്ഷിക്കാൻ പേടകത്തിന് കഴിയുമോയെന്ന് ഈ പരീക്ഷണം വഴി മനസിലാക്കാൻ സാധിക്കും. ഈ ദൗത്യത്തിനായി ഐ.എസ്.ആർ.ഒ സ്വന്തമായി വികസിപ്പിച്ച പരീക്ഷണ വാഹനം വികസിപ്പിച്ചു.പ്രധാന റോക്കററിൽ നിന്നും വേർപിരിഞ്ഞതിന് ശേഷമുള്ള ക്രൂ മൊഡ്യൂളിന്റെ ഡീസെലറേഷൻ സിസ്റ്റങ്ങൾ, രണ്ട് തരത്തിലുള്ള പാരച്യൂട്ട് വിന്യാസം, ഘടനാപരമായ സമഗ്രത എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുക കൂടി ലക്ഷ്യം. ദൗത്യം വഹിക്കുന്ന റോക്കറ്റിലും ദൗത്യ പേടകത്തിലും ഐഎസ്ആർഒ നിരവധി പരീക്ഷണങ്ങൾ ഇതിനകം നടത്തി കഴിഞ്ഞു. വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന എഞ്ചിനുകളും ബൂസ്റ്ററുകളും പരീക്ഷിച്ചതിൽ ഉൾപ്പെടും. ഗംഗയാനിലൂടെ ഇന്ത്യ ആദ്യമായി അയക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ പ്രഥമിക പരിശീലനം റഷ്യയിൽ പൂർത്തിയായി. ഇപ്പോൾ ബംഗളൂരു ആസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റിയിൽ പരിശീലനത്തിലാണ് സംഘം. എയർഫോഴ്സിൽ നിന്നും നാല് പേരെയാണ് ഇന്ത്യ പരിശീലിപ്പിക്കുന്നത്.