ഗുവാഹത്തി: കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പിന്നാലെ രാജസ്ഥാൻ റോയൽസും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റ് എടുത്തിരിക്കുകയാണ്. ഡൽഹി ക്യാപ്പിറ്റൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള മൽസരഫലം അനുകൂലമായി വന്നതോടയാണ് രണ്ടു മൽസരങ്ങൾ ബാക്കിനിൽക്കെ റോയൽസ് പ്ലേ ഓഫിലെത്തിയത്. എൽഎസ്ജിക്കെതിര ഡിസിയുടെ വിജയമാണ് റോയൽസിനു തുണയായത്. എന്നാൽ പ്ലേ ഓഫ് കളികൾ തുടങ്ങും മുമ്പ് രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തുമോ എന്നതാണ് ആരാധകരുടെ ചോദ്യം. സാധ്യതകൾ വിദൂരമല്ല. 19 പോയന്റുമായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തൊട്ടു പിന്നാലെ 16 പോയന്റുമായി രാജസ്ഥാൻ റോയൽസുമാണ് പോയന്റു പട്ടികയിൽ മുൻപന്തിയിലുള്ളത്. കൊൽക്കത്തയ്ക്ക് ഇനി ബാക്കിയുള്ളത് ഒരു മത്സരം മാത്രമാണ്. രാജസ്ഥാനാകട്ടെ രണ്ടു മത്സരങ്ങളും. കൊൽക്കത്ത മൽസരത്തിൽ തോൽക്കുകയും രാജസ്ഥാൻ രണ്ടു മൽസരങ്ങളിൽ വിജയിക്കുകയും ചെയ്താൽ രാജസ്ഥാന് ഇനിയും ഒന്നാമനാകാൻ സാധ്യതകളുണ്ട്.
രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടർ തോൽവികളിൽ നിന്ന് രക്ഷപ്പെടണം. പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കണം. രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ പതിമൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ലക്ഷ്യങ്ങൾ പലതാണ് സഞ്ജു സാംസൻറെ രാജസ്ഥാൻ റോയൽസിന്. പന്ത്രണ്ട് കളിയിൽ എട്ടിലും പൊട്ടി അവസാന സ്ഥാനസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പഞ്ചാബിന് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. സ്വപ്നതുല്യമായി ടങ്ങിയ രാജസ്ഥാൻ അവസാന മൂന്ന് കളിയും തോറ്റു. നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്‍ലറിന് പകരം യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ ആരെത്തും എന്നാണ് ആകാംക്ഷ. ധ്രുവ് ജുറലിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകിയില്ലെങ്കിൽ ടി20 20 സ്പെഷ്യലിസ്റ്റായ ടോം കോഹ്‍ലർ കാഡ്മോർ അരങ്ങേറ്റം കുറിച്ചേക്കും.
ക്യാപ്റ്റൻ സഞ്ജുവിൻറെയും റിയാൻ പരാഗിൻറെയും ബാറ്റിംഗിലാണ് രാജസ്ഥാൻറെ പ്രതീക്ഷ. പരിക്ക് മാറിയ ഷിമ്രോൺ ഹെറ്റ്മെയർ തിരിച്ചെത്തും. പന്തെറിയുമ്പോൾ പവർ പ്ലേയിൽ ട്രെൻറ് ബോൾട്ടും മധ്യഓവറുകളിൽ അശ്വിൻ-ചാഹൽ കൂട്ടുകെട്ടും ഡെത്ത് ഓവറുകളിൽ സന്ദീപ് ശർമ്മയും സഞ്ജുവിന് കരുത്താവും.പരിക്കേറ്റ ശിഖർ ധവാന് പകരം പഞ്ചാബിനെ നയിക്കുന്ന സാം കറനും ഓപ്പണർ ജോണി ബെയ്ർസ്റ്റോയും ഇറങ്ങുന്നത് സീസണിലെ അവസാന മത്സരത്തിനാണ്. ലിയാം ലിവിംഗ്‌സ്റ്റൺ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാൽ മധ്യനിരയിൽ ആരാകും പകരം ഇറങ്ങുക എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞമാസം മൊഹാലിയിൽ ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ മൂന്ന് വിക്കറ്റിന് ജയിച്ചു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 27 കളിയിൽ. രാജസ്ഥാൻ പതിനാറിലും പഞ്ചാബ് പതിനൊന്നിലും ജയിച്ചു. ഗുവാഹത്തിയിൽ ഈസീസണിൽ നടന്ന രണ്ട് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നതിനാൽ ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.