വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾ ഉണ്ടായതിന് പിന്നാലെ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്തിനുള്ളിലെ ശുചീകരണ പ്രവർത്തികൾക്കിടെ വെടിയുണ്ടകൾ കണ്ടെത്തി.
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 27 ന് എത്തിയ എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
എല്ലാ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിന് പരിസരത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.
എന്നാൽ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ എപ്പോൾ വച്ചുവെന്ന് വ്യക്തമായിട്ടില്ല. ഇതിൽ വ്യക്തത വരുത്താനായാൽ വെടിയുണ്ടകൾ സീറ്റിനടിയിൽ വച്ചത് ആരാണെന്ന് കണ്ടെത്താമെന്ന വിലയിരുത്തൽ അധികൃതർക്കുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകളിലെ പാളിച്ചകളേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് കണ്ടെത്തൽ.
പുറപ്പെടുന്നതിന് മുൻപ് ശക്തമായ പരിശോധന നടക്കുന്നുണ്ട്. എക്സ്റേ പരിശോധനയും ബാഗേജ് പരിശോധനയും ഉൾപ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളിൽ തിരകൾ കണ്ടെത്തിയതിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. സാധാരണ ഗതിയിൽവെടിയുണ്ടകളും ആയുധങ്ങളും ഇത്തരം പരിശോധനയിൽ വ്യക്തമാകേണ്ടതാണ്. ഏത് വിമാനത്താവളത്തിൽ സംഭവിച്ച പിഴവാണ് ഇതെന്ന് കണ്ടെത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു.
ഒക്ടോബർ മാസത്തിൽ നിരവധി തവണയാണ് എയർ ഇന്ത്യ വിമാനത്തിന് ഭീഷണി നേരിട്ടിരുന്നു. 32ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി നേരിട്ടു എന്ന് എയർ ഇന്ത്യ വിശദമാക്കുന്നു. നാനൂറിലേറെ വ്യാജ ഭീഷണി രണ്ട് ആഴ്ചകൾക്കിടയിൽ എൻഐഎ പരിശോധിക്കുന്നു.
English summary : Bullets were found under the seat of an Air India flight ; passenger information was collected