ന്യൂഡൽഹി: പലിശ ഈടാക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ പിന്തുടരുന്ന തെറ്റായ രീതികൾ അവസാനിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഉത്തരവ്. വായ്പകൾക്ക് മേൽ പലിശ ചുമത്തുന്നതിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും കർശന നിർദേശമാണ് റിസർവ് ബാങ്ക് ഇറക്കിയിരിക്കുന്നത്.
ഇതുവരെയും വായ്പ അനുവധിക്കുന്ന ദിവസം മുതലാണ് ഉപയോക്താക്കളിൽ നിന്നും ധനകാര്യസ്ഥാപനങ്ങൾ പലിശ ഈടാക്കിയിരുന്നത്. എന്നാൽ, ആർബിഐയുടെ പുതിയ നിയമം അനുസരിച്ച് ഈ രീതി ഇനിമുതൽ അനുവദിക്കില്ല. പകരം, വായ്പാ തുക ഉപയോക്താക്കളുടെ കയ്യിൽ എന്നാണോ ലഭിക്കുന്നത് ആ ദിവസം മുതൽ മാത്രമായിരിക്കും പലിശ ഈടാക്കുക. വായ്പാ കുടിശിക കാലയളവിലേക്ക് മാത്രമാണ് പലിശ ഈടാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. അതിന് പകരം മുഴുവൻ മാസത്തേയും പലിശ ഈടാക്കുന്നതും ശരിയല്ലെന്നും ആർബിഐ വ്യക്തമാക്കി. ഉപയോക്താക്കളിൽ നിന്നും അഡ്വാൻസായി ഒന്നിലേറെ വായ്പാ തിരിച്ചടവ് ഗഡുക്കൾ വാങ്ങുമ്പോഴും മൊത്തം വായ്പാ തുകയ്ക്ക് പലിശ കണക്കു കൂട്ടുന്നതും ശരിയായ രീതിയല്ലെന്നും ആർബിഐ നിരീക്ഷിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം രീതികൾ തെറ്റാണെന്നും ഉപയോക്താക്കളെ പിഴിയുന്ന ഇത്തരം പ്രവണതകൾ ഉടനെ അവസാനിപ്പിക്കണമെന്നും ആർബിഐ വ്യക്തമാക്കി.