കോട്ടയം : ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തവേ അനുകൂല തീരുമാനവുമായി ബിജെപി ഭരിക്കുന്ന പഞ്ചായത്ത്.
ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ആണ് പാലാ മുത്തോലി പഞ്ചായത്തിന്റെ തീരുമാനം. ഈ നിർണ്ണായക പ്രഖ്യാപനം പഞ്ചായത്തിന്റെ 2025 – 26 ബജറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാൻ ആണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു.
ആശാ വർക്കർമാർക്ക് മാത്രമായി ബജറ്റിൽ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണെന്നും
ഒരു വർഷം ആശ പ്രവർത്തകർക്ക് അധികമായി ലഭിക്കുന്നത് എൺപത്തി നാലായിരം രൂപയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി തുക നൽകുക. ഒരു വർഷം ഒരു ആശവർക്കർക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ആകെ 13 ആശമാരാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്.
ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടാൻ നിർണായക നീക്കവുമായി യുഡിഎഫും രംഗത്തുണ്ട്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ നീക്കം നടത്തുകയാണ് യുഡിഎഫ്. നിയമസാധ്യത പരിശോധിച്ച് ഉടൻ തീരുമാനം പ്രഖ്യാപിക്കും.
ഓണറേറിയം കൂട്ടണമന്ന ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം 45 ദിവസം പിന്നിടുകയാണ്. മുഖം തിരിഞ്ഞുനിൽക്കുന്ന സർക്കാറിനെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് ഇത്തരം ഒരു നീക്കം നടത്തുന്നത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാമാരുടെ ഓണറേറിയം രണ്ടായിരം വെച്ച് കൂട്ടാനാണ് പദ്ധതി.
തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാകുമോ എന്നാണ് പരിശോധന. നിയമവശം പരിശോധിച്ച് ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. നിലവിൽ യുഡിഎഫ് ഭരിക്കുന്ന തൃശൂർ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്തുകൾ ആശാമർക്ക് വേതനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി തനത് ഫണ്ടിൽ നിന്ന് പണവും മാറ്റിവെച്ചു.