ദില്ലി : അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. മിസോറാമിലും, തെലങ്കാനയിലും പുതിയ സർക്കാരുകൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പക്ഷെ ബിജെപി ജയിച്ച മൂന്ന് നിയമസഭകൾക്ക് ഇപ്പോഴും നാഥനായിട്ടില്ല. കാവൽ മന്ത്രിസഭകൾ ഇപ്പോഴും തുടരുന്നു. പുതിയ മുഖ്യമന്ത്രിയേയും മന്ത്രിസഭാ അംഗങ്ങളേയും തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പല തവണ ചേർന്നെങ്കിലും ഗ്രൂപ്പ് തർക്കത്തിൽ തട്ടി എല്ലാം തകർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വസുന്ധര രാജ സിന്ധ്യ രാജസ്ഥാനിലും , ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിലും, രമൺ സിങ് ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരായിരുന്നു. ഈ മൂന്ന് പേരും തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രഥമ സ്ഥാനത്തുള്ളത്. എന്നാലിവർക്ക് വീണ്ടുമൊരു അവസരം നൽകുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് താൽപര്യമില്ല. പകരം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ശ്രമം. പക്ഷെ ശിവരാജ്സിങ് ചൗഹാൻ, വസുന്ധര, രമൺ സിങ്ങ് എന്നീ മൂന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കി തീരുമാനം എടുക്കാൻ അതാത് സംസ്ഥാനത്തെ പാർട്ടി ഘടകങ്ങൾക്ക് കഴിയുന്നില്ല. ഈ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായി നിരീക്ഷകരെ നിയമിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
ബിജെപി എം.എൽ.എ മാർ ഗ്രൂപ്പ് ചേർന്ന് പ്രതിസന്ധി രൂക്ഷമാക്കിയ രാജസ്ഥാനിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സമിതിയാണ് പോവുക. രാജ്നാഥ് സിങിനെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറിമാരായ സരോജ് പാണ്ടെ , വിനോദ് താവദേ എന്നിവർ നീരീക്ഷക സംഘത്തിലുണ്ട്.
നാലാം തവണയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ശിവരാജ് സിങ് ചൗഹാനെ അനുനയിപ്പിച്ച് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ മധ്യപ്രദേശിലേയ്ക്ക് പോകുന്നത് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ, ഒ.ബി.സി മോർച്ച തലവൻ കെ.ലക്ഷമൺ, ദേശിയ സെക്രട്ടറി അശാ ലക്ഹറ എന്നിവരടങ്ങുന്ന നിരീക്ഷക സംഘമാണ്.
കേന്ദ്ര മന്ത്രി അർജുൻ മുണ്ടെ, സർബാനന്ദ സ്നോവാൾ,ദേശിയ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരാണ് ചത്തീസ്ഗഡിലേയ്ക്ക് പോകുന്നത്. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്നാണ് നിരീക്ഷക സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.
Read Also : ബിജെപി ജയിച്ച സംസ്ഥാനങ്ങളിൽ ഗ്രൂപ്പ് വഴക്ക്. ആരാകും മുഖ്യമന്ത്രി ? ആരാകും മന്ത്രിസഭ അംഗങ്ങൾ ?