‘വാങ്ങി കൂട്ടിയിരുന്നത് ചാത്തൻ സാധനങ്ങൾ’
തിരുവനന്തപുരം: സുതാര്യമായ മരുന്ന്, ഉപകരണ സംഭരണം സുഗമമാക്കാന്‍ കാലാനുസൃതവും ശാസ്ത്രീയവുമായ സമീപനങ്ങളാണ് അനിവാര്യമെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് മുൻ എംഡി ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍.
ആശുപത്രികളില്‍ അവശ്യമരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യതയില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ഇന്‍ഡെന്‍ഡിങ്ങും ഉറപ്പാക്കണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
കോർപറേഷന്റെ ചുമതല ഏറ്റെടുക്കുന്ന സമയത്ത് കുത്തഴിഞ്ഞ അവസ്ഥയാണുണ്ടായിരുന്നത് എന്നും ബിജു പ്രഭാകര്‍ പറയുന്നു.
തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തുടങ്ങിയ മാതൃകയിലാണ് 2017ല്‍ കേരളത്തിലും സമാനമായി കോര്‍പറേഷന്‍ രൂപീകരിച്ചിരുന്നത്.
തമിഴ്‌നാട് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍നിന്നുള്ള ഉദ്യോഗസ്ഥനെയാണ് കോര്‍പറേഷന്റെ തലപ്പത്ത് നിയോഗിച്ചിരുന്നത്.
എന്നാൽ ചുമതല ഏറ്റെടുക്കുന്ന സമയത്ത് നിങ്ങള്‍ അറിഞ്ഞുകൊണ്ടാണോ ഇതില്‍വന്നു ചാടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചിമുറി കഴുകുന്ന ലോഷനും വിലയുള്ള വാക്‌സീനും ഉള്‍പ്പെടെ ഒറ്റ ടെന്‍ഡറാണ് വിളിച്ചിരുന്നത് എന്നും ബിജു പ്രഭാകര്‍ വെളിപ്പെടുത്തി.
ഇത്തരത്തിലുള്ള മരുന്നുസംഭരണ മാനദണ്ഡങ്ങള്‍ ശരിയല്ലെന്നു കണ്ടെത്തി വാക്‌സീന് ഉള്‍പ്പെടെ എട്ടു വിവിധ ടെന്‍ഡറുകളാക്കിയാണ് അദ്ദേഹം മാറ്റിയത്.
ഡോക്ടര്‍മാര്‍ അംഗീകരിക്കാത്ത ഉല്‍പന്നങ്ങളാണ് വാങ്ങിക്കൂട്ടിയിരുന്നത്. പല ആശുപത്രികളിലും പോയ സമയത്ത് ഒരു പ്രത്യേക കമ്പനിയുടെ, മുറിവ് തുന്നിക്കെട്ടാനുള്ള നൂല്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.
അന്വേഷിച്ചപ്പോഴാണ് അതുപയോഗിക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അറിയുന്നത്.
ഈ നൂല്‍ ഉപയോഗിച്ച് വയറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് തുന്നിക്കെട്ടുകയും രോഗി ഓട്ടോറിക്ഷയില്‍ പോയപ്പോള്‍ തുന്നല്‍ പൊട്ടിപ്പോവുകയും ചെയ്തു. അത്തരം വിലകുറഞ്ഞ ചാത്തന്‍ സാധനങ്ങളാണ് വാങ്ങിയിരുന്നത് എന്നും ബിജു പ്രഭാകർ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ജോലി ചെയ്തിരുന്ന കാലത്ത് മരുന്നു സംഭരണത്തില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാണ് കോർപറേഷനിലെ തുടര്‍നടപടികള്‍ ഏകോപിപ്പിച്ചത്.
ഈ രംഗത്തുള്ള വിദഗ്ധന്മാരുമായും ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്താണ് എട്ടു ടെന്‍ഡറുകളായി തിരിക്കാന്‍ തീരുമാനം എടുത്തത്.
പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോലും 500 രൂപയുടെ സാധനം വാങ്ങി യാതൊരു മുൻ പരിചയമില്ലാത്തവരെ മരുന്നു സംഭരണത്തിന്റെ ചുമതലയ്ക്കായി നിയോഗിക്കുന്നതാണ് പ്രധാന പ്രശ്‌നം.
ഞാന്‍ ചുമതല ഒഴിയുന്ന സമയത്ത് ഏതാണ്ട് 300 കോടിയിലധികം രൂപയുടെ മരുന്നും 100 കോടിയോളം രൂപയുടെ ഉപകരണങ്ങളും സുതാര്യമായി വാങ്ങുന്ന നിലയിലായിരുന്നു.
എന്നാല്‍ അതു പിന്നീട് ആശുപത്രി വികസന സമിതിയെയും കെഎച്ച്ആര്‍ഡബ്ല്യുഎസിനെയും ഏല്‍പ്പിച്ചു. ഇതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി.
ഇന്‍ഡന്റിങ്
മരുന്നു സംഭരണത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇന്‍ഡന്റിങ് എന്ന് പറയുന്നത്. ഏതാണ്ട് 60 ശതമാനത്തോളം മരുന്നുകളും മെഡിക്കല്‍ കോളജുകളിലേക്കാണ് വാങ്ങുന്നത്. ഇവിടുത്തെ ഉദ്യോഗസ്ഥരില്‍ നിന്ന് കൃത്യമായ ഒരു പട്ടിക കിട്ടുക എന്നത് ഏറെ ശ്രമകരമാണ്.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മുന്‍വര്‍ഷങ്ങളിലെ ഉപയോഗം ഉള്‍പ്പെടെ താരതമ്യപ്പെടുത്തി സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗപ്പെടുത്തി മരുന്നുകളുടെ ആവശ്യകത കണ്ടെത്തി ഇന്‍ഡന്‍ഡിങ് നടത്തിയാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
നിലവിൽ കമ്പനികള്‍ക്ക് ഏതാണ്ട് 690 കോടിയിലധികം രൂപ കൊടുക്കാനുണ്ടെന്നാണ് അറിയുന്നത്. ഇതും മരുന്നു സംഭരണത്തെ പ്രതികൂലമായി ബാധിക്കും.
മുന്‍പ് മെഡിക്കൽ സർവീസസ് കോർപറേഷൻ മികച്ച രീതിയിലാണ് കമ്പനികള്‍ക്കു പണം നല്‍കിയിരുന്നത്.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉടന്‍ തന്നെ പണം നല്‍കുമായിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച വന്നതിനാല്‍ പല പ്രമുഖ കമ്പനികളും മരുന്നുവിതരണത്തില്‍ നിന്ന് പിന്മാറുന്ന സ്ഥിതിയുണ്ട് എന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.
Summary: Former KMSCL Managing Director and IAS officer Biju Prabhakar emphasized the need for transparent and efficient drug and equipment procurement.