മുംബൈ: ട്വന്റി 20 ലോകകപ്പ് ജൂണിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ താരങ്ങളെ നേരത്തെ അമേരിക്കയിലേക്ക് അയക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് കടക്കാത്ത ടീമിലെ താരങ്ങളെയാണ് നേരത്തെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 22 മുതൽ മെയ് 26 വരെയാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ജൂൺ ഒന്നിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കും.
ജൂൺ അഞ്ചിന് അയർലന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. കഠിനമായ മത്സരക്രമം ഇന്ത്യൻ താരങ്ങളുടെ ശാരീരികക്ഷമതയെ ബാധിച്ചേക്കും. ഇതിനാൽ ട്വന്റി 20 ലോകകപ്പ് കളിക്കുന്ന താരങ്ങളുടെ ശാരീരികക്ഷമത കൃത്യമായി പരിശോധിക്കാനും ആണ് ബിസിസിഐ പദ്ധതി.
2007ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ പിന്നീട് ഇതുവരെ ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2014ൽ ഫൈനലിൽ എത്തിയതാണ് എടുത്തുപറയാവുന്ന മികച്ച നേട്ടം. സ്വന്തം മണ്ണിൽ ഏകദിന ലോകകപ്പ് നഷ്ടപ്പെട്ട സാഹചര്യത്തിൽ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
Read Also: പരിക്കിന്റെ പിടിയിൽ രാഹുൽ; മൂന്നാം ടെസ്റ്റിലും കളത്തിനു പുറത്ത്