ഡേ കെയറിൽ നോക്കാനേൽപ്പിച്ച കുഞ്ഞ് കരഞ്ഞപ്പോൾ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരിക്ക് 25 വർഷം തടവ്. ഫ്രഞ്ച് കോടതിയുടേതാണ് വിധി. ബേബി ലിസയെന്ന കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിലാണ് മിറിയം ഷൂവാൻ എന്ന 30 കാരിയായ ഡേ കെയർ ജീവനക്കാരിയെ 25 വർഷം തടവിന് വിധിച്ചത്.
സംഭവം ഇങ്ങനെ:
2022 ഒക്ടോബർ 22നാണ് ലിസയുടെ പിതാവ് കുഞ്ഞിനെ നോക്കാനായി ഡേ കെയറിൽ കൊണ്ടുവന്നത്. ആ സമയത്ത് പ്രതി തനിച്ചായിരുന്നു. ഡേ കെയറിൽ ബേബി ലിസയെ പിതാവ് നോക്കാൻ ഏൽപ്പിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ കുഞ്ഞ് കരഞ്ഞു. ഇതോട് ദേഷ്യം പൂണ്ട മിറിയം കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ഡ്രെയ്നേജ് വൃത്തിയാക്കുന്ന കീടനാശിനി കലക്കി കുടിപ്പിക്കുകയായിരുന്നു എന്നാണു കണ്ടെത്തൽ. ഈ കീടനാശിനി ഉള്ളിൽ ചെന്നതിനെ തുടർന്നാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.
കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി കോടതിയിൽ വ്യക്തമാക്കി. എന്നാൽ തികഞ്ഞ ബോധ്യത്തോടെയാണ് പ്രതി കുഞ്ഞിന് ക്ലീനിങ് ദ്രാവകം കലക്കി കൊടുത്തതെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
മക്കളെ ഡേ കെയറിലാക്കാനായെത്തിയ മറ്റ് രണ്ട് അമ്മമാരാണ് ബേബി ലിസ ഛർദ്ദിക്കുന്നതായും ജീവനക്കാരി പരിഭ്രാന്തിയോടെ നിൽക്കുന്നതും കണ്ടത്. വയറിനുള്ളിൽ ഭൂരിഭാഗവും പൊള്ളിപ്പോയ ബേബി ലിസ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത്. പീഡനം, മരണത്തിൽ കലാശിക്കുന്ന ക്രൂരത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.