ഹാങ്ചൗ: പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഹാങ്ചൗവിൽ പുരോഗമിക്കുന്നു. ആതിഥേയരായ ചൈന തന്നെയാണ് മെഡൽ വേട്ടയ്ക്ക് മുൻപന്തിയിൽ. ഒക്‌ടോബർ എട്ടുവരെ നീളുന്ന ഗെയിംസിൽ 45 രാജ്യങ്ങളിൽനിന്നായി 12,500 കായികതാരങ്ങൾ ആണ് പങ്കെടുക്കുന്നത്. 54 വേദികളിൽ 60 ഇനങ്ങളിലാണ് മത്സരം. 61 വിഭാഗത്തിൽ 481 സ്വർണമെഡലുകളാണുള്ളത്. കഴിഞ്ഞ പത്ത് ഗെയിംസിലും കിരീടം മറ്റാർക്കും ചൈന വിട്ടുകൊടുത്തിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള 655 അംഗ സംഘത്തിൽ 45 മലയാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ തവണ നേടിയ 70 മെഡലുകളെ മറികടന്ന് ഇക്കുറി 100 മെഡലുകളാണ് ഇന്ത്യയുടെ ലക്ഷ്യം. ഏഷ്യൻ ഗെയിംസ് അഞ്ചു നാളുകൾ പിന്നിടുമ്പോൾ ഇതുവരെയുള്ള മെഡൽ നേട്ടങ്ങൾ പരിശോധിക്കാം.
126 മെഡലുകളുമായി(സെപ്റ്റംബർ 27 ഇന്ത്യൻ സമയം 3:56 വരെയുള്ള കണക്ക് പ്രകാരം) ചൈനയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 61 മെഡലുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ദക്ഷിണ കൊറിയയേക്കാൾ ഒത്തിരി ദൂരം മുന്നിലാണ് ചൈന. അതിനാൽ തന്നെ അവരുടെ ആത്മ വിശ്വാസവും വർധിക്കുന്നു. 70 സ്വർണവും 37 വെള്ളിയും 17 വെങ്കലവും ചൈന നേടിയപ്പോൾ, 16 സ്വർണവും 18 വെള്ളിയും 27 വെങ്കലവും സൗത്ത് കൊറിയ നേടി. 22 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. ഇതിൽ അഞ്ച് സ്വർണവും ഏഴു വെള്ളിയും പത്ത് വെങ്കലവും ഉൾപ്പെടുന്നു.
ഇന്ത്യയുടെ മെഡൽ നേട്ടം- ഇനങ്ങൾ
ഷൂട്ടിങ്ങിലെ ടീം ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടം. പുരുഷ താരങ്ങളായ രുദ്രാംക്ഷ് പാട്ടില്‍, ഐഷ്വാരി പ്രതാപ് സിങ് തോമര്‍, ദിവ്യാൻഷ് പൻവര്‍ എന്നിവർ ഉൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്കായി സ്വർണം വെടിവെച്ചിട്ടത്. നിലവിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനക്കാരെ ദക്ഷിണകൊറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ വിജയം. വെറും സ്വർണ നേട്ടം മാത്രമായിരുന്നില്ല അത്. 1893 പോയിന്റുമായി ലോക റെക്കോർഡോടെയാണ് ഇന്ത്യൻ താരങ്ങള്‍ നേട്ടം കൈവരിച്ചത്. ആതിഥേയരായ ചൈനയ്ക്കാണ് വെങ്കല മെഡൽ. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഐശ്വരി തോമര്‍ വെങ്കലം നേടി. 228.8 പോയന്റുകള്‍ നേടിയാണ് താരത്തിന്റെ നേട്ടം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആണ് ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണം അടിച്ചെടുത്തത്. ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് രണ്ടാം സ്വർണം സ്വന്തമാക്കിയത്. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. സ്വർണം നേടിയവരിൽ മലയാളി താരം മിന്നുമണിയും ഉണ്ടെന്നത് ഏറെ അഭിമാനകരം. എന്നാൽ പ്ലേയിങ് ഇലവനിൽ മിന്നു ഇടം നേടിയിരുന്നില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കുകയായിരുന്നു. സ്മൃതി മന്ദനയുടെയും ജെമീമ റോർഡ്രിഗസിന്റെ ഇന്നിങ്സിലാണ് ഇന്ത്യ 117 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. എന്നാൽ ഇന്ത്യൻ ബാറ്റർമാർക്ക് വേണ്ടത്ര പ്രകടനം പുറത്തെടുക്കാനാവാത്തതും പോരായ്മയാണ്. മൂന്നാം സ്വർണ വേട്ടയോടൊപ്പം ഇന്ത്യ ഒരു ചരിത്രം കൂടി കുറിച്ചു. നീണ്ട 41 വർഷങ്ങൾക്ക് ശേഷം അശ്വാഭ്യാസ ടീമിനത്തിൽ ഇന്ത്യ സ്വർണം നേടി. ഡ്രസ്സേജ് വിഭാഗത്തിൽ സുദിപ്തി ഹജേല, ദിവ്യകൃതി സിങ്ങ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് ചരിത്ര വിജയം നേടിയത്. 209.205 പോയിന്റാണ് ഇന്ത്യ നേടിയത്.
ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത്
ഷൂട്ടിങ്ങിൽ മാത്രമായി ഇന്ത്യ ഇതുവരെ നേടിയത് ഏഴു മെഡലുകളാണ്. എയർ റൈഫിൾസിൽ വെള്ളി നേട്ടത്തോടെ ആയിരുന്നു ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കി. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടി. മനു ഭാകർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവരടങ്ങിയ ടീമാണ് സ്വർണ നേട്ടത്തിന് പിന്നിൽ. ലോക റെക്കോർഡോടെ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സിഫ്റ്റ് കൗര്‍ സംറ സ്വർണം നേടിയതോടെ ഇന്ത്യ ഇതുവരെ നേടിയ സ്വർണമെഡലുകളുടെ എണ്ണം അഞ്ചായി ഉയർന്നു. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തിലാണ് 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തിയത്. ഇതോടെ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡ് സിഫ്റ്റ് പൊളിച്ചെഴുതി. ഈ ഇനത്തിൽ ത്രീ പൊസിഷനിൽ ഇന്ത്യൻ സംഘം വെള്ളിമെഡലും നേടി. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ സംഘമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഏറ്റുമൊടുവിൽ സ്കീറ്റ് ഷൂട്ടിങ്ങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അനന്ത് ജീത് സിംഗ് വെള്ളിമെഡൽ നേടി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ ഇഷ സിംഗ് കൂടി വെള്ളി മെഡൽ നേടിയതോടെ ഇന്ത്യ നേടിയ വെള്ളി മെഡലുകളുടെ എണ്ണം ഉയർന്നു.
പെൺകുട്ടികളുടെ ഡിൻകി ഐഎൽസിഎ4 ഇനത്തിൽ ഇന്ത്യയുടെ നേഹ താക്കൂർ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലാണ് ലഭിച്ചത്. എട്ട് പേരടങ്ങുന്ന പുരുഷവിഭാഗം തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷവിഭാഗം തുഴച്ചിൽ ടീം ഇനത്തില്‍ ഇന്ത്യയുടെ ബാബുലാല്‍ യാദവ്-ലേഖ് റാം സഖ്യം വെങ്കല മെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയറിൽ ഇന്ത്യയുടെ വിജയ്വീർ സിങ് സിന്ധു, ആദർശ് സിങ്, അനീഷ് ബൻവാലെ എന്നിവരുടെ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ സെയ്‌ലിങ്ങിൽ വിൻഡ്സർഫർ ആർഎസ്-എക്സ് ഇനത്തിൽ ഇന്ത്യയുടെ ഇബാദ് അലി വെങ്കല മെഡൽ നേടി. 52 പോയിന്റുമായാണ് ഇബാദ് അലി മൂന്നാം സ്ഥാനത്തെത്തിയത്. സെയിലിങ്ങിൽ ഇന്ത്യയുടെ വിഷ്ണു ശരവണനാണ് വെങ്കലം നേടിയ മറ്റൊരു താരം.
Also Read:സേഫ് സോണിൽ ഇന്ത്യ; സമ്മർദത്തിൽ ഓസ്ട്രേലിയ