കൊട്ടിയം: അഷ്ടമുടി കായലോരങ്ങളെ ആവേശത്തിലാഴ്ത്തി പ്രസിഡൻറ് ട്രോഫി വള്ളംകളി ഇന്ന് നടക്കാനിരിക്കെ ടൂത്ത് പിക്ക് കൊണ്ട് ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളത്തിൻറെ മാതൃക നിർമിച്ച് കാർട്ടൂണിസ്റ്റ്.
പാച്ചൻ കൊട്ടിയമാണ് ടൂത്ത് പിക്ക് കൊണ്ട് ആറടി നീളവും രണ്ടടി വീതിയുമുള്ള വള്ളത്തിൻറെ മാതൃക തീർത്തത്. മൂന്നുമാസം കൊണ്ടാണ് ഇത് പൂർത്തീകരിച്ചത്. അക്രിലിക് ബോർഡിലായിരുന്നു നിർമാണം.
വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടൻ വള്ളങ്ങളും 10 ചെറുവള്ളങ്ങളുമാണ് പങ്കെടുക്കുന്നത്. വെപ്പ് എ ഗ്രേഡ് ഇനത്തിൽ രണ്ട് വള്ളങ്ങൾ, ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തിൽ രണ്ട് വള്ളങ്ങൾ, ഇരുട്ടുകുത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങൾ, വനിതകൾ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങൾ എന്നിങ്ങനെയാണ് ചെറുവള്ളങ്ങളുടെ പോരാട്ടം.
തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുസമീപത്തെ ബോട്ട് ജെട്ടി വരെ 1100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തിലെ കൃത്യതക്ക് ഏറ്റവും ആധുനിക സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് റെയ്സ് കമ്മിറ്റി ചെയർമാൻ ആർ.കെ. കുറുപ്പ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡി.ടി.പി.സി ബോട്ട് ജെട്ടി മുതൽ തേവള്ളിപാലം വരെയുള്ള കായൽഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിധ്യവും സഞ്ചാരവും ശനിയാഴ്ച രാവിലെ മുതൽ വള്ളംകളി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും.
സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ പി.എസ്. സുപാൽ, സുജിത്ത് വിജയൻപിള്ള, ജി.എസ്. ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ജില്ല കലക്ടർ എൻ. ദേവിദാസ്, ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, സബ് കലക്ടർ നിഷാന്ത് സിൻഹാര, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ പങ്കെടുക്കും.