തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ 19 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്തുവരികയാണ്. സിപിഎം ഒഴികെയുള്ള രാഷ്ട്രിയ പാർട്ടികളും വിവിധ സാമൂഹ്യ സംഘടനകളും പാവപ്പെട്ട ഈ സ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഈർക്കിൽ സംഘടന നടത്തുന്ന സമരമെന്നൊക്കെ കളിയാക്കി പറഞ്ഞ് ഇടത് അനുകൂല തൊഴിലാളി സംഘടനാ നേതാക്കൾ ഈ സമരത്തെ ആക്ഷേപിക്കുന്നുമുണ്ട്. ആശമാരുടെ ഓണറേറിയം 230 രൂപയിൽ നിന്ന് 700 രൂപയായി ഉയർത്തണമെന്നാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ആശാ വർക്കർമാരുടെ പ്രതിദിന ഓണറേറിയം 700 രൂപയായി ഉയർത്തുമെന്നത് 2021 ലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇക്കാര്യം മറന്നിട്ടാണ് സർക്കാരും സിപിഎമ്മും അവരെ അധിക്ഷേപിക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.
900 വാഗ്ദാനങ്ങളങ്ങിയ പ്രകടനപത്രികയാണ് 2021 ലെ തിരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി പുറത്തിറക്കിയത്. ഈ വാഗ്ദാനങ്ങളിലെ പ്രധാനപ്പെട്ട 50 ഇനങ്ങൾ പ്രത്യേക പദ്ധതികളായി തരം തിരിക്കുകയും ചെയ്തു.
ജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാക്കാനാണ് ഇങ്ങനെ തരംതിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിൽ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.
50 ഇന പരിപാടിയിലെ 45 മത്തെ ഇനമായി പറയുന്ന ‘സാമൂഹ്യ സുരക്ഷ’ യിലാണ് ആശാ വർക്കർമാരുടെ മിനിമം കൂലി 700 രൂപയായി ഉയർത്തുമെന്ന് പറഞ്ഞിരിക്കുന്നത്.
‘സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി 2,500 രൂപയായി ഉയർത്തും. അങ്കണവാടി, ആശാ വർക്കർ, റിസോഴ്‌സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീ-പ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്‌കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്‌കീം വർക്കേഴ്‌സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തുമെന്നും മിനിമംകൂലി 700 രൂപയാക്കുമെന്നും പറഞ്ഞിരുന്നു.
അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഗാർഹിക തൊഴിലാളികൾക്കു പ്രത്യേക സ്‌കീമുകൾ ആരംഭിക്കും’ എന്നായിരുന്നു വാഗാദാനം.
ഇങ്ങനെ പറഞ്ഞവരാണ് ആശാവർക്കർമാരുടെ സമരം അനാവശ്യമാണെന്നും സർക്കാരിനെ അട്ടിമറിക്കാനാണെന്നുമാണ് ഇപ്പോൾ പറയുന്നത്.
പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കുമെന്ന് വീമ്പിളക്കുന്നവരാണ് പോലീസിനെ ഉപയോഗിച്ചും ബദൽ സമരം നടത്തിയും ആശമാരെ അടിച്ചമർത്താൻ നോക്കുകയാണെന്നാണ് ആക്ഷേപം.
എൽഡിഫ് തിരഞ്ഞെടുപ്പ് പത്രികയുടെ ഉപസംഹാര ഖണ്ഡികയിലിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.- ‘പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചലിക്കുന്ന ഭരണസംവിധാനവും അതിനു പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയും കേരളത്തിന് ഒരു പുതിയ അനുഭവമായിരുന്നു.
വാക്കിനു വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ട കാലം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ലക്ഷ്യമായി മാറുക മാത്രമല്ല, അവയുടെ പൂർത്തീകരണം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രകടനപത്രികയ്ക്കു പുറമേ ഉയർന്നുവന്ന ജനകീയ ആവശ്യങ്ങൾ പലതും അംഗീകരിച്ചു നടപ്പാക്കാനും കഴിഞ്ഞു. ഇതായിരിക്കും നാളെയും പിന്തുടരാൻ പോകുന്ന മാതൃക’. ഇങ്ങനെ എഴുതി വെച്ചവരാണ് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും ഈ നാടിന്റെ ആരോഗ്യ സംരക്ഷകരുമായ സ്ത്രീകളെ നിഷ്‌കരുണം അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും എന്നാണ് ആക്ഷേപം.
ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്നാണ് സമരത്തെ ധനമന്ത്രി കെഎൻ ബാലഗോപാൽ വിശേഷിപ്പിച്ചത്.
സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സർക്കാറിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിളക്കി വിട്ടവർക്ക് ഇല്ലെന്നുമാണ് മന്ത്രിയുടെ പ്രധാന ആക്ഷേപം. 2021 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന ആവശ്യത്തെക്കുറിച്ച് പക്ഷെ ധനമന്ത്രിക്ക് മിണ്ടാട്ടമില്ല.