തൃശൂർ : നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്ന് അറിയപ്പെടുന്ന ഗാനരചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. കലാഭവൻ മണിയുടെ ജനപ്രിയനാക്കിയ ആദ്യകാല പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയത് അറുമുഖനായിരുന്നു.
” പകലു മുഴുവൻ പണി എടുത്തു ”
” വരുത്തൻ്റെ ഒപ്പം ഒളിച്ചു ചാടിയ തങ്കമ്മേ ”
“വരിക്കചക്കേടെ ചുള കണക്കിന് ”
“ചാലക്കുടി ചന്തക്ക് പോകുമ്പോൾ ”
” മിന്നാമിനുങ്ങേ”
തുടങ്ങി മൂന്നൂറ്റി അൻപതോളം ഗാനങ്ങൾ എഴുതിയത് അറുമുഖനായിരുന്നു.സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി തൃശൂർ വെങ്കിടങ്ങ് ആയിരുന്നു അറുമുഖൻ ജനിച്ചത്. നാട്ടുകാരനായ സലിം സത്താർ അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട കലാഭവൻ മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏനാമാവിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും.
ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.
Read Also :വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കാതലിൻ കരിക്കോയ്ക്കും ഡ്രൂ വീസ്മാനും