മലപ്പുറം: നിലമ്പൂരിൽ മത്സര ചിത്രം തെളിഞ്ഞു. കത്രിക ചിഹ്നത്തിലാണ് പി വി അൻവർ മത്സരിക്കുക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ ചിഹ്നങ്ങൾക്കായാണ് അൻവർ അപേക്ഷ നൽകിയത്.
കഴിഞ്ഞ തവണ നിലമ്പൂരിൽ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു സ്വതന്ത്രനായി പി വി അൻവർ മത്സരിച്ചത്.
ഇടതു-വലതു-എൽഡിഎ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറിയിട്ടുണ്ട്. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറി.
അതെ സമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം മുറുകുന്നതിനിടെ ആരോപണ പ്രത്യാരോപണങ്ങളുമായി നിലമ്പൂരിൽ മത്സരം ശക്തമാവുകയാണ്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പെൻഷൻ പരാമർശമാണ് ഇടത് മുന്നണിയുടെ ഇപ്പോഴത്തെ പ്രധാന പ്രചാരണ വിഷയം.
കെ സി വേണുഗോപാൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇടത് നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം ആവേശകരമായി തുടരുകയാണ്. ഇന്ന് മുത്തേടത്താണ് സ്വരാജ് പ്രചാരണം നടത്തുന്നത്.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പതിനായിരം വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അറിയിച്ചു.
അൻവർ എന്ത് ചെയ്യുന്നുവെന്ന് യുഡിഎഫ് ചിന്തിക്കുന്നില്ല. മുസ്ലിം ലീഗ് ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. അതിൽ തർക്കം വേണ്ട. സിപിഎമ്മിൽ പിണറായി വിജയന് പിന്തുണ കുറയുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.