വീണ്ടും തെരുവ് നായയുടെ ആക്രമണം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. 3 വയസ്സുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
പാലക്കാട് കപ്പൂർ പഞ്ചായത്തിൽ കല്ലടത്തൂർ സ്വദേശികളായ സതി, നെടിയേടത്ത് വീട്ടിൽ ലീല, 3 വയസ്സുകാരൻ ഐബൽ എന്നിവരെയും പട്ടിത്തറ സ്വദേശികളായ 2 പേരെയുമാണ് നായ ആക്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ചാലിശ്ശേരി, പട്ടാമ്പി ആശുപത്രികളിൽ പ്രാഥമിക ചികിത്സ നേടിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, നായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടെന്ന് സംശയമുണ്ട്.
നായയുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്
മുതിർന്നവരെ നായ കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. വീഴ്ചയിലാണ് മറ്റു ഭാഗങ്ങളിൽ കടിക്കാനുള്ള സാധ്യത കൂടുന്നത്.
എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. ഇതാണ് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാൻ കാരണം.
വളർത്തുമൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയേറ്റാൽ ഉടൻ പൈപ്പിന് കീഴിൽ ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകയും. തുടർന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി തുടങ്ങിയവയാണ് പേവിഷബാധയുടെ രോഗലക്ഷണങ്ങൾ.
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
പേ ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുന്നത് കഴുത്തിന് മുകളിലാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉടൻ എടുക്കണം.
കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്
മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന് പേവിഷബാധ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്.
സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ ബ്രിജേഷ് സോളങ്കി. ആരോഗ്യനില അതീവഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.
രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ ബ്രിജേഷ് സോളങ്കി രക്ഷിച്ചിരുന്നു. ഈ സമയത്ത് നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു.
യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല. എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.
ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
Summary: In Kerala, another stray dog attack has injured five people, including a 3-year-old boy, in Palakkad’s Kappur panchayat. Victims include residents from Kalladathur and Pattithara.