കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ. ചങ്ങരോത്ത് തെക്കേടത്ത് കടവിന് സമീപം പുറവൂരിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിക്കുന്നതിനിടയിൽ പേരാമ്പ്ര മുതുവണ്ണാച്ച തൊട്ടാർമയങ്ങിയിൽ അമ്മത് ഹാജി(60)യാണ് അപകടത്തിൽപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ, അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ച കടിയങ്ങാട് നാഗത്ത് സ്വദേശി കെഡി റിജേഷ്, നാട്ടുകാരായ മലയിൽ മുനീർ, നാഗത്ത് റിയാസ് എന്നിവർ ചേർന്ന് അമ്മതിനെ കവുങ്ങിനോട് ചേർത്ത് കെട്ടി.
അൽപസമയത്തിനകം എത്തിച്ചേർന്ന പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കിയ ശേഷം ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, പിസി പ്രേമൻ, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ കെ ശ്രീകാന്ത്, ജിബി സനൽരാജ്, വി വിനീത്, പിപി രജീഷ്, ആർ ജിനേഷ്, എസ്എസ് ഹൃതിൻ തുടങ്ങിയർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.