ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. All elections in the country will be held together; Union Cabinet approved ‘One Country One Election’
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്.
പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്.
ഇതുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്