കൊച്ചി: അക്ഷയതൃതീയ മെയ് 10ന്. ഇക്കുറി സ്വർണം വാങ്ങാൻ കാണം വിൽക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു.ആഗോള വിപണിയുടെ ചുവട് പിടിച്ച് സ്വർണ വില കുതിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് സ്വർണ വില പവന് 160 രൂപ വർദ്ധിച്ച് 53,480 രൂപയിലെത്തി. ഗ്രാമിന്റെ വില 20 രൂപ കൂടി 6,685 രൂപയായി. വെള്ളിയാഴ്ച സ്വർണം പവന് 53,320 രൂപയിലായിരുന്നു.ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങുമ്പോൾ പവന് 58,000 രൂപയിലധികം ഉപഭോക്താക്കൾ മുടക്കേണ്ടി വരും.
സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വർണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളിൽ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മികച്ച കളക്ഷനുകളാണ് അക്ഷയതൃതീയ ദിനത്തിൽ കാത്തിരിക്കുന്നത്. സാധാരണയായി അക്ഷയതൃതീയയോട് അനുബന്ധിച്ച് 1,500 കിലോ സ്വർണാഭരണ വിൽപ്പനയാണ് കേരളത്തിൽ നടക്കാറുള്ളത്. പ്രധാനമായും സ്വർണ വിഗ്രഹം, സ്വർണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച ലോക്കർ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും ഉയർന്ന ഡിമാൻഡ് ഉണ്ട്
വിപുലമായി ആഘോഷിക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തിൽ പങ്കാളികളാകും.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്ന തിരക്കൊഴിവാക്കുന്നതിനു വേണ്ടി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണ വ്യാപാര മേഖലയിലേക്ക് എത്തും എന്നാണ് പ്രതീക്ഷ
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിഞ്ഞുവെങ്കിലും അമേരിക്കയിലെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോൾ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.
കഴിഞ്ഞ മാസം നാണയപ്പെരുപ്പം കുത്തനെ കൂടിയതോടെ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ പ്രമുഖ ബാങ്കായ റിപ്പബ്ലിക്ക് ഫസ്റ്റ് ബാങ്കിന് കഴിഞ്ഞദിസവമാണ് പൂട്ടുവീണത്.ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞിരുന്നു.ഇതെല്ലാം ശരിവയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.