കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലുണ്ടായ കെ മുരളീധരനുവേണ്ടി വീണ്ടും ഫ്ലക്സ്ബോർഡുകൾ. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഫ്ലക്സിൽ ‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ എന്ന് എഴുതിയിട്ടുള്ള ഫ്ലക്സ്ബോർഡുകൾ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.(Again flexboards for K Muraleedharan)
കെ മുരളീധരനു വേണ്ടി കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും ഫ്ലക്സുകൾ ഉയർന്നിരുന്നു. ‘നയിക്കാൻ നായകൻ വരട്ടെ’, ‘പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം’, ‘നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്ളക്സുകളിലെ വാചകങ്ങൾ. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.
ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്നും കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചിരുന്നു.