പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്‍റെ മരണത്തിന് പിന്നിൽ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് ആരോപണം.
സഹപാഠികളായ മൂന്ന് പേർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍ നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം.
ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക് പ്രാക്ടിസിനു പോയ സമയത്ത് കുട്ടികള്‍ തമ്മില്‍ വഴക്കിട്ടെന്നും ഇവര്‍ പിന്നീട് മകള്‍ക്ക് എതിരെ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് വെളിപ്പെടുത്തൽ.
ടൂർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഭീഷണിപ്പെടുത്തൽ തുടർന്നെന്നും കാണാതായ ലോഗ് ബുക്കിനുവേണ്ടി കുട്ടിയുടെ ബാഗ് പരിശോധിച്ചത് മകളെ മാനസികമായി ഉലച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
സഹികെട്ട് ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറിയിട്ടും പ്രശ്നങ്ങള്‍ മാറിയില്ല. ഇതിനെ തുടര്‍ന്നാണ് മകള്‍ കെട്ടിടത്തില്‍ നിന്നും ചാടിയത് എന്ന് കുടുംബം ആരോപിക്കുന്നു. പ്രശ്നങ്ങൾ തുടർന്നതോടെ കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നതായും വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് അമ്മുവിന് പരുക്ക് പറ്റുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്മുവിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.