വിവാദങ്ങൾക്ക് ഒടുവിൽ കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചടങ്ങ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എം എം ഹസ്സന്‍ മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചുമതലയേറ്റശേഷം ഇന്ദിര ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എം എം ഹസ്സന്‍ ചുമതല കൈമാറാന്‍ ഇന്ദിര ഭവനില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഹസ്സന്റെ സാനിധ്യം അനിവാര്യമാണെന്നും അത് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ തിരികെ ചുമതലയേല്‍ക്കുമ്പോള്‍ എന്തുകൊണ്ട് വന്നില്ല എന്ന് എം എം ഹസ്സനോട് വിളിച്ചു ചോദിക്കും. ഹസ്സന്‍ ഇടക്കാല പ്രസിഡന്റായിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ പരാതിയുള്ളവ പുനപരിശോധിക്കും.
എഐസിസി നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടെ എത്തിയത്. തിരിച്ച് ചുമതലയേല്‍ക്കലില്‍ കീഴ് വഴക്കങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ല. സംഘടനാ നടപടി നേരിട്ടവരെ എം എം ഹസ്സന്‍ തിരിച്ചെടുത്ത സാഹചര്യത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ല. അത് പുനഃപരിശോധിക്കണമോ എന്നത് ആലോചിക്കും. അതുമാത്രമാണ് താല്‍ക്കാലിക അധ്യക്ഷനെന്ന നിലയില്‍ ഹസ്സനെതിരെയുള്ള പരാതി. അത് ഒഴിച്ച് നിര്‍ത്തിയാല്‍ ഹസന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
Read More: ന്യൂസ് റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു