കോട്ടയം: സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. വയനാടിനെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. (adivasi dalit groups call hartal in Kerala)
വിവിധ ആദിവാസി-ദലിത് സംഘടകള്‍ സംയുക്തമായി നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിക വിഭാഗ സംവരണത്തില്‍ ഉപസംവരണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി പട്ടിക ജാതിക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ മേല്‍ത്തട്ട് വിഭജനം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ ഏഴംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം പട്ടിക വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ(ക്രീമിലെയര്‍) തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തള്ളുകയും ചെയ്തിട്ടുണ്ട്.