ന്യൂഡൽഹി: സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ അധിക ഫീസ് ഈടാക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ഖരമാലിന്യത്തിനൊപ്പം നൽകുന്ന സാനിറ്ററി മാലിന്യത്തിന് എന്തിനാണ് പ്രത്യേകം ഫീസ് ഈടാക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സ്കൂളുകളിൽ സാനിറ്ററി ഉത്‌പന്നങ്ങൾ സൗജന്യമായി നൽകുന്നത് പ്രോത്സാഹിപ്പിക്കുമ്പോൾ അവ ഉപയോഗശേഷം സംസ്കരിക്കുന്നതിന് അധികതുക നൽകണമെന്നത് പരസ്പര വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ വിശദീകരണം തേടിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ചത്തെ സമയം സംസ്ഥാനസർക്കാരിനും കോർപ്പറേഷനും അനുവദിച്ചിട്ടുണ്ട്.
സാനിറ്ററി നാപ്കിനുകൾ, മുതിർന്നവരുടെ ഡയപ്പറുകൾ തുടങ്ങിയവ ശേഖരിക്കുന്നതിനാണ് കൊച്ചി കോർപ്പറേഷൻ അധിക തുക ഈടാക്കുന്നത്. കൊച്ചി കോർപ്പറേഷനെ മുൻനിർത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വീടുകളിൽനിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കാൻ വിസമ്മതിക്കുന്നെന്നും അതുവഴി സ്ത്രീകൾ, കുട്ടികൾ, രോഗികൾ, പ്രായമായവർ എന്നിവരോട് വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് അഭിഭാഷക ഇന്ദുവർമ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
ഖരമാലിന്യ സംസ്കരണച്ചട്ടം 2016 പ്രകാരം വീടുതോറും മാലിന്യം ശേഖരിക്കുന്നതിനുള്ള ഉപയോക്തൃ ഫീസിൽ സാനിറ്ററി മാലിന്യത്തിന് സംസ്കരണ ഫീസും കേരള സംസ്ഥാനം ചുമത്തിയിട്ടുണ്ട്. പിന്നെ എന്തിനാണ് അധിക ഫീസെന്നാണ് ഹർജിക്കാരുടെ വാദം. ഒപ്പം കോർപ്പറേഷനുമായി ബന്ധമില്ലാത്ത മൂന്നാമതൊരാൾ മാലിന്യശേഖരണത്തിന് എത്തുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, നിയമാനുസൃതമായ ഉപയോക്തൃ ഫീസാണ് ഈടാക്കുന്നതെന്നാണ് കേരളത്തിന്റെ അഭിഭാഷകൻ മറുപടി നൽകിയത്.
അധികതുക സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനല്ല സംസ്കരിക്കുന്നതിനാണ് ഈടാക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. അതേസമയം അധികതുക ഈടാക്കുന്ന നടപടി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഇടപെടാത്ത കോടതി, ഹർജി തുടർവാദത്തിനായി ജൂലായിലേക്ക് മാറ്റി.
Read Also: സമരം നിയമവിരുദ്ധം; വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം ഇങ്ങനെ