കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവർക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ് പറഞ്ഞു. പ്രയാഗയും ശ്രീനാഥും ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവർ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്.(Actress Prayaga Martin Gives Statement, Cleared in Om Prakash Drug Case)
അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണെന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ പറയുന്നു.
ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പൊലീസിനോട് പറഞ്ഞു.
അതേസമയം, ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. പ്രയാഗക്ക് നിലവിൽ ക്ലീൻ ചിറ്റാണ് പൊലീസ് നൽകിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയും പാർട്ടിക്ക് എത്തിയ ചില സുഹൃത്തുക്കളുമായുള്ള ബന്ധം വിശദമായി പരിശോധിക്കും.