ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ
ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചുകൊണ്ട് പാതിവഴിയിൽ ഓർമയായ ജിഷ്ണു രാഘവൻ മലയാളി പ്രേക്ഷകർക്ക് എന്നുമൊരു തീരാ നൊമ്പരമാണ്. ‘നമ്മൾ’ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ ജിഷ്ണു കാൻസറിനോട് പൊരുതിത്തോറ്റപ്പോൾ മലയാള സിനിമക്ക് നഷ്‌ടമായത് മികച്ച ഒരു നടനെയാണ്.
ഇപ്പോഴിതാ മകന്റെ രോഗാവസ്ഥയെ കുറിച്ചോർത്ത് വിങ്ങുകയാണ് നടൻ രാഘവൻ. അണപ്പല്ല് ഉരഞ്ഞപ്പോൾ നാവിലുണ്ടായ ഒരു ചെറിയ മുറിവ്, അത് ജിഷ്ണുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ആരും കരുതിയിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.
തിരക്കേറിയ ജീവിതത്തിനിടയിൽ നാവിലുണ്ടായ മുറിവിനെ ജിഷ്ണു കാര്യമാക്കിയില്ല. എന്നാൽ ആ മുറിവിൽ ഫംഗസ് ബാധിക്കുകയും ‘ലുക്കോപ്ലാക്കിയ’ എന്ന കാൻസർ ജിഷ്ണുവിനെ പിടികൂടുകയും ചെയ്തു.
അഭിനയരംഗത്ത് നിറഞ്ഞു നിന്നിരുന്ന ജിഷ്ണുവിന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സിനിമാ തിരക്കുകൾ കാരണം സർജറി വൈകിച്ചപ്പോൾ, രോഗം കൂടുതൽ ശക്തിപ്രാപിക്കുന്നതിന് ഇടയാക്കി.
എന്നാൽ ആദ്യ സർജറി കഴിഞ്ഞ് രോഗം മാറിയെന്ന് കരുതി സന്തോഷിച്ച സമയത്താണ് തൊണ്ടയിൽ ഒരു മുഴയായി കാൻസർ വീണ്ടും തിരികെ വന്നത്.
“ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഓടി നടന്ന എൻ്റെ മകന് പെട്ടെന്ന് ഒന്നും മിണ്ടാൻ പറ്റാതെ വന്ന അവസ്ഥ ഏതൊരച്ഛനും കണ്ടുനിൽക്കാൻ കഴിയില്ല.” എന്ന് നീറുന്ന മനസുമായി രാഘവൻ പറയുന്നു.
തുടർന്ന് മൂന്നാം തവണയും കാൻസർ തിരിച്ചു വന്നപ്പോൾ, ജിഷ്ണുവിൻ്റെ ശരീരം പൂർണ്ണമായും തളർന്നു പോയിരുന്നു.
ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ ജിഷ്‌ണുവിന്റെ അവസാന സമയത്തെ ചിത്രങ്ങൾ കാണുമ്പോൾ പലർക്കും ഹൃദയം നുറുങ്ങിയിട്ടുണ്ട്.
സ്വന്തമായി ഒരു ബട്ടൺ പോലും അഴിക്കാൻ കഴിയാത്ത അവസ്ഥ. കാറ്റടിച്ചാൽ പോലും വേദനയായിരുന്നു, ശരീരത്തിൽ ഭക്ഷണം കഴിക്കാനും മൂത്രമൊഴിക്കാനുമായി രണ്ട് ദ്വാരങ്ങൾ ഇട്ടിരുന്നു.
ആ വേദനയിലും, ഞങ്ങളെ വേദനിപ്പിക്കാതിരിക്കാൻ അവൻ ഒന്നും പറഞ്ഞില്ല. എന്നും രാഘവൻ ഓർക്കുന്നു.
ലുക്കോപ്ലാക്കിയ- അശ്രദ്ധ അപകടം വിളിച്ചു വരുത്തും
ഒരുതരം തൊണ്ട കാൻസറാണ് ലുക്കോപ്ലാക്കിയ. വായിലും തൊണ്ടയിലും വരുന്ന ചെറിയ മുറിവുകളോ വ്രണങ്ങളോ ശ്രദ്ധിക്കാതെ വിടുമ്പോൾ അവ കാൻസറിന് കാരണമാകുന്നു. വെളുത്ത പാടുകളായി വായിലും തൊണ്ടയിലും കാണപ്പെടുന്നു, ഇത് ചിലപ്പോൾ കാൻസറിലേക്കുള്ള ആദ്യപടിയാവാം എന്നാണ് വിദഗ്ദന്മാർ പറയുന്നു.
തൊണ്ട കാൻസർ വരാനുള്ള പ്രധാന കാരണങ്ങൾ
പുകവലി, മദ്യപാനം, വെറ്റില മുറുക്ക്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗമാണ്. വായിൽ ദീർഘകാലം നിലനിൽക്കുന്ന മുറിവുകളും വ്രണങ്ങളും ഈ രോഗത്തിന് കാരണമായേക്കാം.
ചിലതരം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധകളും ഈ കാൻസറിന് കാരണമാകും. പോഷകാഹാരക്കുറവും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഗം വരാതെ സൂക്ഷിക്കാൻ പുകവലി, മദ്യപാനം എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ദിവസവും പല്ല് തേച്ചും വായ വൃത്തിയാക്കിയും ശുചിത്വം പാലിക്കുക.
വായിലുണ്ടാകുന്ന മുറിവുകളോ, വ്രണങ്ങളോ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണണം. കൂടാതെ, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പതിവായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകരമാണ്.
Summary: Jishnu Raghavan, who won hearts with the film Nammal, was a talented Malayalam actor lost to cancer. Now, his father, veteran actor Raghavan, opens up emotionally about his son’s battle and untimely loss.