കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലെ പുനരുദ്ധാരണ പ്രവർത്തനത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻമൂന്ന് കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആവശ്യമായാൽ ഇനിയും തുക നൽകുമെന്ന് മോഹൻലാൽ പറഞ്ഞു.Actor Mohanlal says Vishwashanthi Foundation will donate Rs 3 crore for restoration work at Mundakai in Wayanad
മുകളിൽ എത്തിയാൽ മാത്രമേ അപകടത്തിന്റെ വ്യാപ്തി മനസിലാക്കുകയുള്ളു. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിതെന്നും മോഹൻലാൽ പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാൻ കഴിയുമോ അതാണ് ചെയ്യേണ്ടത്. തകർന്ന എൽപി സ്‌കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടതിൽ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലും മറ്റും കാണാൻ കഴിഞ്ഞത്.
അത് വളരെ സങ്കടകരമാണ്. അവിടെ ചെന്നുകണ്ടാലേ അതിന്റെ വ്യാപ്തി മനസിലാകുകയുള്ളു. നിമിഷനേരം കൊണ്ടാണ് ഒരുപാട് പേർക്ക് ഉറ്റവരയും ഉടയവരെയും നഷ്ടമായത്. പക്ഷെ നമ്മെളെല്ലാം ഒന്ന് ചേർന്ന് അവരെ സഹായിക്കുകയെന്നത് വലിയ കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.
ആർമി, നേവി, ഫയർഫോഴ്‌സ്, എൻഡിആർഎഫ്, പൊലീസ്, നാട്ടുകാർ എല്ലാവരും ഒന്നുചേർന്നാണ് ഇവിടെ പ്രവർത്തിച്ചത്. താനും കൂടി ഉൾപ്പെടുന്ന ബെറ്റാലിയൻ ആണ് ആദ്യം ഇവിടെ എത്തിയത്. ഒരുപാട് പേരെ രക്ഷിക്കാൻ കഴിഞ്ഞു. എല്ലാ യൂണിറ്റുകൾക്കും നന്ദിപറയാനാണ് ഇവിടെ എത്തിയത്.
ഇത്തരം പ്രകൃതി ദുരന്തമുണ്ടാവാതിരിക്കുന്നതിന് നമ്മൾ എല്ലാവരും ചേർന്ന് തീരുമാനമെടുക്കണം. ബെയ്‌ലി ബ്രിഡ്ജ് ഉണ്ടാക്കിയത് തന്നെ വലിയ അത്ഭുതമാണ്. ഇത് ഇല്ലായിരുന്നെങ്കിൽ ആർക്കും മേലോട്ടും താഴേക്കും വരാൻ കഴിയില്ലായിരുന്നു. ഈശ്വരന്റെ സഹായവും ഇതിന്റെ പുറകിലുണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട് നമുക്ക് പ്രതീക്ഷിക്കാം കണ്ടെത്താൻ സാധിക്കട്ടെയെന്ന് മോഹൻലാൽ പറഞ്ഞു.