ചെന്നൈ: തന്റെ വോട്ട് മാറ്റത്തിനും വിദ്വേഷത്തിനുമെതിരെയാണെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ഓരോ വോട്ടും മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചാണ് താരം പൊതുജനങ്ങളോട് വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചത്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരേ പ്രകാശ് രാജ് കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് തവണയും കർണാടകയിൽ നിന്ന് രാജ്യസഭാ എംപിയായ രാജീവ് സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രകാശ് രാജിന്റെ വിമർശനം . ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ട രാജീവിനെ തേടിയാണ് താൻ ഇപ്പോൾ തിരുവനന്തപുരത്തെത്തിയതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.