കൊച്ചിയിൽ പരിപാടിക്കിടെ കുഴഞ്ഞുവീണു, ഹൃദയാഘാതം; രാജേഷ് കേശവ് വെന്റിലേറ്ററിൽ
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ് അദ്ദേഹം. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയുടെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി പുറത്തുവിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴഞ്ഞുവീണപാടെ ഹൃദയാഘാതമുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും പ്രതാപിന്റെ പോസ്റ്റില്‍ പറയുന്നു.
പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു.
പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് angioplasty ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചു.
ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല.
നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ.
Summary: Actor and anchor Rajesh Keshav collapsed during an event and is in critical condition. He is on ventilator support at a private hospital in Kochi, with doctors closely monitoring his health.









