ദോഹ: മുതിർന്ന ഇന്ത്യൻ വ്യവസായി ഹസ്സൻ ചൗഗ്ലെ എന്ന അബ്ദുൽ കരീം ചൗഗ്ലെ ( 74) അന്തരിച്ചു. ഖത്തറില്‍ ദീർഘകാലം പ്രവാസിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഹസ്സൻ ചൗഗ്ലെ അസുഖ ബാധിതനായതിനെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിലെ രത്നഗിരിയിലായിരുന്നു അന്ത്യം.
1970 മുതൽ ഖത്തറിലെ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു ഹസ്സൻ ചൗഗ്ലെ. ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഹസ്സൻ ചൗഗ്ലെ ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് എപെക്സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ് സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.
ഖത്തറിലെ നിരവധി ഇന്ത്യൻ സ്കൂളുകളുടെയും യൂണിവേഴ്സിറ്റിയുടേയും സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഹസൻ ചൗഗ്ലെ.
നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. 2012ൽ ജയ്പൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിൽ നിന്നും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.
2011, മുതൽ തുടർച്ചയായ 3 വർഷങ്ങളിലെ 100 ശക്തരായ ഇന്ത്യൻ ബിസിനസുകാരിൽ ഒരാളായി അറേബ്യൻ ബിസിനസ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.