യുവാവിന്റെ കൈപ്പത്തി തകർന്നു
ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. തൃശൂർ ചാവക്കാട് അതിസുരക്ഷാമേഖലയായ കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം.
ചാവക്കാട് മടപ്പേൻ സൽമാൻ ഫാരിസാ(26)ണ് ഗുണ്ട് പൊട്ടിച്ചത്. സംഭവത്തിൽ യുവാവിന്റെ വലതുകൈപ്പത്തി തകർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റീൽസ് എടുക്കുന്നതിനു വേണ്ടിയാണ് ഫാരിസും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയതെന്ന് ചാവക്കാട് പൊലീസ് പറയുന്നു.
പിന്നാലെ ലൈറ്റ് ഹൗസിന് മുകളിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി. ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്ക് എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു
തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം.
പഴഞ്ഞി ജെറുസലേം സ്വദേശി ശരത്തിന്റെ കാറാണ് തല്ലിത്തകർത്തത്. ശരത്ത് ഓടിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തുകയായിരുന്നു.
ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം.
കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ ശരത്തിനെ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു.
അതേസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
Summary: A youth’s palm was badly injured after a country bomb exploded while he was on top of the lighthouse. The incident took place at the highly secured Thottapp Lighthouse in Chavakkad, Thrissur.