ജയിൽപുള്ളിയെ വീട്ടുജോലിക്ക് നിയോഗിച്ച ജയിൽ ഡിഐജി കുറ്റക്കാരിയെന്ന് കോടതി പറഞ്ഞു. വെല്ലൂർ റേഞ്ച് ജയിൽ മുൻ ഡിഐജി ആർ.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാനും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.
‘തടവുകാരെ മാത്രമല്ല, പൊലീസുകാരെയും വീട്ടുജോലിക്ക് ഓർഡർലിമാരായി നിയമിക്കരുത്. മുൻ ഡിഐജിക്കെതിരെ വകുപ്പുതല നടപടിയെടുക്കണം’– കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ഗൗരവമായി തന്നെ നേരിടുമെന്നും കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസിന്റെ പേരിൽ വകുപ്പുതല നടപടി വൈകിപ്പിക്കരുതെന്ന് നിർദേശിച്ചു. മറ്റാരെങ്കിലും ജയിൽ തടവുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡിജിപിയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശിവകുമാർ എന്ന തടവുകാരനെക്കൊണ്ടാണു രാജലക്ഷ്മി വീട്ടുജോലി ചെയ്യിച്ചിരുന്നത്. അതിനിടെ, ഇവരുടെ വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. തുടർന്ന്, ശിവകുമാറാണു മോഷ്ടാവെന്ന് ആരോപിച്ച് ജയിൽ അധികൃതർ ഇയാളെ ക്രൂരമായി മർദിച്ചു. അതിനെതിരെ ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. രാജലക്ഷ്മിയെ കൂടാതെ ജയിൽ അഡിഷനൽ സൂപ്രണ്ട് എ.അബ്ദുൽറഹ്മാൻ അടക്കം അഞ്ചു പേർ കേസിൽ പ്രതികളാണ്.
English summary : A youth sentenced to life imprisonment was forced to do domestic work and was brutally beaten ; Jail DIG guilty