എം.കോം. പഠനം പൂർത്തിയാക്കി ബാങ്കിങ്ങ് മേഖലകളിൽ ഉൾപ്പെടെ വിവിധ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്തിട്ടും കിട്ടുന്നത് ഇതര സംസ്ഥാനത്തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ തുക. ഇതോടെ തൊഴിൽ ഉപേക്ഷിച്ച് റോഡരികിൽ മീൻകച്ചവടം തുടങ്ങി മികച്ച വരുമാനം നേടുകയാണ് ഇരുപത്തെട്ടുകാരനായ കറുകച്ചാൽ പുതുപ്പള്ളിക്കടവ് പ്രജിത്ത്കുമാർ. A young man with M.Com degree quits his job and starts selling fish.
ബിരുദാനന്തര ബിരുദദാരികൾക്ക് ഇവിടെ ധാരാളം തൊഴിൽ സാധ്യതകളുണ്ട്. ചെയ്ത ജോലിയിൽ പരിചയ സമ്പന്നനായതിനാൽ തൊഴിൽ ലഭിക്കാൻ വലിയ പ്രയാസമൊന്നുമില്ല. എന്നാൽ കിട്ടുന്നത് താരതമ്യേന കുറഞ്ഞ ശമ്പളമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ പോലും 40,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുമ്പോൾ തനിക്ക് അതിന്റെ പാതിപോലും കിട്ടിയിരുന്നില്ല.
ആത്മാഭിമാനം ഓർത്താണ് പലരും ശമ്പളം പോലും പുറത്ത് പറയാതെ ജോലി ചെയ്യുന്നത്. എന്നാൽ മറ്റുള്ളവർക്ക് കൂടി തൊഴിൽ നൽകുന്ന സ്വന്തം സ്ഥാപനമെന്ന ചിന്തയാണ് തന്നെ മീൻകച്ചവടത്തിനിറക്കിയതെന്ന് ഇദ്ദേഹം പറയുന്നു.
ചങ്ങനാശേരി വാഴൂർ റോഡിൽ അണിയറപ്പടിയിലാണ് ഇപ്പോൾ കച്ചവടം. കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങിയ വ്യാപാരത്തിൽ നിന്നും ഇപ്പോൾ മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ദിവസം 80 കിലോ മീൻ വരെ വിൽക്കും. ഓരാൾക്കു കൂടി തൊഴിൽ നൽകാൻ സാധിച്ചിട്ടുണ്ടെന്നും പ്രജിത്ത് പറയുന്നു.