നാട്ടിലിറങ്ങിയ ആനക്കൊപ്പം സെൽഫി എടുക്കാനൊരുങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കരുതെന്ന് വനം വകുപ്പ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനാണ് ശിക്ഷ. യുവാവിന് വനംവകുപ്പ് 25,000 രൂപ പിഴയാണ് ചുമത്തിയത്. ഗുണ്ടല്‍പേട്ടിലെ ഷാഹുല്‍ ഹമീദിനാണ് പിഴ ലഭിച്ചത്.
ഗുണ്ടല്‍പേട്ട്-ഊട്ടി ഹൈവേ കടന്നുപോകുന്ന ബന്ദിപ്പൂരിൽ ഭക്ഷണം തേടി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്കൊപ്പമാണ് യുവാവ് ഫോട്ടോ എടുത്തത്. വന്യജീവികളെ ശല്യപ്പെടുത്തരുതെന്ന് വനം വകുപ്പിന്റെ കർശന നിർദേശമുണ്ടായിരിക്കെയാണ് യുവാവ് കാട്ടാനയ്ക്കൊപ്പം ഫോട്ടോ എടുത്തത്.
കാട്ടാനയ്ക്ക് മുന്നിൽ നിന്ന് യുവാവ് ഫോട്ടോ എടുക്കുന്നതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു യുവാവിനെതിരെ ബന്ദിപ്പൂര്‍ വനംവകുപ്പിന്റെ നടപടി. വനം വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് യുവാവിന് ശിക്ഷ ലഭിച്ചത്.