ഓയൂർ (കൊല്ലം) ∙ പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ മോട്ടർ വാഹന വകുപ്പിന്റെ വാഹനം കയ്യോടെ പൊക്കി യുവാവ്. കൊല്ലം ഓയൂർ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണു സംഭവം.
എം വി ഡി എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിനാണ് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സ്വയം പിഴയിടേണ്ടി വന്നത്.
എംവിഡിയുടെ വാഹന പരിശോധന നടക്കുന്നതു കണ്ടപ്പോൾ ഒയൂരിലെ വ്യാപാരശാലയിലെ ജീവനക്കാരൻ പരിശോധനാ സംഘത്തിന്റെ വാഹന നമ്പർ എടുത്തു പരിവാഹൻ സൈറ്റിൽ കയറി പൊല്യുഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു പരിശോധിച്ചു.
സൊലൂഷൻസർട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി 25ന് തീർന്നിരുന്നു. ഇതോടെ യുവാവ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി വാഹനത്തിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്കു പിഴയീടാക്കിയതാണെന്നും നിയമലംഘനത്തിനു ശിക്ഷ എല്ലാവർക്കും ഒരുപോലെയാണെന്നും യുവാവ് വാദിച്ചു.
യുവാവിൻ്റെ പ്രതിഷേധത്തിൽ പെട്ടുപോയ ഉദ്യോഗസ്ഥർ സ്വന്തം വാഹനത്തിന് 2000 രൂപ പിഴ അടിച്ചതായി ചലാൻ യുവാവിനെ കാട്ടിയ ശേഷമാണു മടങ്ങിപ്പോയത്.
എന്നാൽ, ഈ ചലാനുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ പിഴ ഒടുക്കേണ്ടതില്ലെന്നുമാണു മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റിൽ കാണിക്കുന്നത്.
വാഹനത്തിനു 2026 ഫെബ്രുവരി 20 വരെ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇപ്പോഴുണ്ട്. യുവാവിന്റെ മുൻപിൽ പിഴയിട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു പിഴ ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം.