റാസൽഖൈമ: വിനോദത്തിനായി റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ മലയാളി യുവാവ് ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീണ് മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊതുഅവധി ദിനമായ തിങ്കളാഴ്ച പുലർച്ചെ തന്നെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. സായന്തിനെ പെട്ടെന്ന് കാണാത്തതിനെത്തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം.
ദുബൈയിൽ ഓട്ടോ ഗാരേജ് ജീവനക്കാരനാണ് സായന്ത്. രമേശനും സത്യയുമാണ് മാതാപിതാക്കൾ. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഷാർജയിൽനിന്നുള്ള കണ്ണൂർ വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു.