പാട്ന: കേരളത്തിൽ കോൺഗ്രസും സിപിഎമ്മും ബദ്ധവൈരികളാണെങ്കിലും കേരളം വിട്ടാൽ അങ്ങനെയല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ, സിപിഎം ജനറൽ സെക്രട്ടറി മലയാളിയായ എംഎ ബേബിയും കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും തോളിൽ കയ്യിട്ട് നിൽക്കുന്ന ദൃശ്യങ്ങളാണ് രാഷ്ട്രീയ ഇടങ്ങളിൽ ചർച്ചയാകുന്നത്. ബിഹാറിൽ നടന്ന മഹാസഖ്യത്തിന്റെ പ്രക്ഷോഭത്തിനിടെയാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്കരണം നടത്തുന്നതിനെതിരെ പട്‌നയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കായിരുന്നു മഹാഗത്ബന്ധൻ (മഹാസഖ്യം) ഇത്തരത്തിൽ മാർച്ച് നടത്തിയത്. കോൺഗ്രസ് – സിപിഎം നേതാക്കാൾക്ക് പുറമേ ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും മഹാഗത്ബന്ധൻ സമരത്തിൽ പങ്കെടുത്തു.
‘നിങ്ങൾക്കെല്ലാവർക്കുമറിയാം, ഞാൻ കേരളത്തിൽ നിന്നുള്ളയാളാണ് എന്ന് ക. എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും. രാഹുൽ ഗാന്ധിയും കുറച്ചു കാലം കേരളത്തിൽ നിന്നുള്ള എംപിയായിരുന്നു. എന്നാൽ, ഇത് കഠിനമായ ഭാഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണ്’, തടിച്ചുകൂടി ജനത്തോടായി എം.എ. ബേബി ഇങ്ങനെ പറഞ്ഞു. ചെറുചിരിയോടെ രാഹുൽ ഗാന്ധി ഇത് നോക്കിനിന്നു.
ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണെന്നും ബേബി പറഞ്ഞു. ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കും. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിത്, എം.എ. ബേബി പ്രസംഗത്തിൽ പറഞ്ഞു.
“വോട്ട്ബന്ദി കെ ഖിലാഫ്, ബിഹാർ കാ ദഹാദ് (വോട്ട് നിരോധനത്തിനെതിരെ ബീഹാറിന്റെ ഗർജ്ജനം)” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷ നേതാക്കൾ മഹാഗത്ബന്ധൻ മാർച്ച് നയിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ചെറിയ പുസ്തകം ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി വേദിയിൽ പ്രസംഗിച്ചത്. ഭരണഘടനയ്ക്കായി ആളുകൾ രക്തസാക്ഷികളായ ബീഹാറിലേക്ക് ഞങ്ങൾ വന്നിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശമുണ്ടെന്ന് നമ്മുടെ ഭരണഘടന പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബീഹാറിൽ പ്രതിപക്ഷം ആഹ്വാനം ചെയ്ത ബന്ദ് പൂർണമായിരുന്നു എന്നാണ് റിപ്പോർട്ട്.