മൂന്നാർ – മറയൂർ റോഡിലെ വാഗുവരെയിൽ കാട്ടുകൊമ്പൻ പടയപ്പ ആക്രമിച്ചു. ബുധനാഴ്ച രാത്രി 11.30ന് ആണു സംഭവം. ഇടുക്കിയിലെ സ്കൂൾ വാർഷികത്തിന്റെ കലാപരിപാടികൾക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂർ സ്വദേശിനിയായ ദിൽജ ബിജു എന്ന യുവതിയെയാണ് ആന ആക്രമിച്ചത്. ദിൽജയെ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിൽനയുടെ തോളിൽ കിടന്നിരുന്ന ബാഗ് ആന കൊമ്പിൽ കുത്തി ഉയർത്തി. തുടർന്നു തുമ്പിക്കൈ കൊണ്ട് അടിച്ചു. മറയൂരിലെ മൈക്കിൾഗിരി എൽപി സ്കൂളിന്റെ വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു ദിൽജയും മകനും എത്തിയത്. തൃശൂരിൽ നിന്നു ബൈക്കിലെത്തിയ ബിനിലും ദിൽജയും പടയപ്പയുടെ മുന്നിൽപെടുകയായിരുന്നു.
ആനയെ കണ്ട വെപ്രാളത്തിൽ ഇവർ റോഡിൽ വീണു. ഇതിനിടെ പടയപ്പ ഇവർക്കു നേരെ പാഞ്ഞടുക്കുകയും കൊമ്പുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ദിൽജയ്ക്കൊപ്പമുണ്ടായിരുന്ന മകൻ ബിനിൽ (19) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ദിൽജയുടെ ഇടുപ്പിന്റെ എല്ല് ഒടിഞ്ഞെന്നും നട്ടെല്ലിന്റെ രണ്ട് എല്ലുകൾക്കു പൊട്ടൽ സംഭവിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്തുണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്നാണു പടയപ്പ തേയിലത്തോട്ടത്തിലേക്കു കയറിപ്പോയത്.