മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കാസര്‍കോട് കാഞ്ഞങ്ങാട് കരിക്കയിലാണ് സംഭവം നടന്നത്.
17 വയസ്സുള്ള സ്വന്തം മകളുടെയും, സഹോദരന്റെ 10 വയസ്സുള്ള മകളുടെ ദേഹത്തും ഇയാള്‍ ആസിഡ് ഒഴിച്ചു.
കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെസി. മനോജ് ആണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു.
കൂടെ ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ മനോജിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
റബര്‍ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചതെന്നാണ് വിവരം.
പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് ഇയാളുടെ മകളുണ്ടായിരുന്നത്. മനോജിനെതിരെ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് ചുമത്തിയിരിക്കുന്നത്.
മനോജ്ഉം ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്.
അതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
പൂക്കച്ചവടക്കാരന് കുത്തേറ്റു
തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിലാണ് ആക്രമണം നടന്നത്.
തെങ്കാശി സ്വദേശി അനീഷ്‌കുമാറാണ് ആക്രമണത്തിനിരയായത്. ഇയാളുടെ നെഞ്ചിലാണ് കുത്തേറ്റത്. പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ പൂവിറ്റ പണം വാങ്ങാനെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്.
തര്‍ക്കത്തിനിടെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീഷിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തില്‍ കടയുടമ രാജനെയും ആക്രമണം നടത്തിയ കട്ടപ്പയെയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ കട്ടപ്പയെ മാര്‍ക്കറ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
Summary: A shocking acid attack took place in Karikka, Kanhangad, Kasaragod, where a father poured acid on his 17-year-old daughter and his brother’s 10-year-old daughter.









