താമരശ്ശേരി: താമരശ്ശേരി രൂപതയുടെ കുറ്റവിചാരണ കോടതി മുമ്പാകെ ഫാ.അജി പുതിയാപറമ്പിൽ നാളെ ഹാജരാകണം. ദീപിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹജഡ്ജിമാർ. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സീറോ മലബാർ ബിഷപ്സ് സിനഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്തു, നൂറാംതോട് ഇടവകയിൽ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ. എന്നാൽ മതകോടതി സ്ഥാപിച്ച് വൈദികനെ കുറ്റവിചാരണ ചെയ്യാനുള്ള ബിഷപ്പിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ പ്രതികരിച്ചു. താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇവിടെ കാനോൻ നിയമപ്രകാരം വത്തിക്കാൻ രാഷ്ട്രത്തിൻ്റെ കോടതി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ കോടതിയിൽ കുറ്റവിചാരണ നടത്താൻ നാളെ ഹാജരാകാനാണ് വൈദികനായ ഫാ.അജി പുതിയാപറമ്പിലിന് സമൻസ് അയച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയും ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാത്തലിക് ലേമെൻ അസോസിയേഷൻ സെക്രട്ടറി എംഎൽ ജോർജ് പറഞ്ഞു. വത്തിക്കാൻ്റെ സൃഷ്ടിയായ കാനൻ നിയമപ്രകാരമാണിത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഇത്തരം സംവിധാനങ്ങളെ വിശ്വാസികൾ തന്നെ എതിർത്തു തോല്പിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ആധുനിക കാലത്തെ ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുളള മതകോടതി സ്ഥാപിച്ചാണ് കുറ്റവിചാരണ നടത്താൻ ഒരുങ്ങുന്നത്. എന്തുവന്നാലും കോടതി മുമ്പാകെ ഹാജരായി തനിക്ക് പറയാനുള്ള സത്യങ്ങൾ തുറന്ന് പറയുമെന്ന് അജി പുതിയാപറമ്പിൽ പറഞ്ഞു.
Read Also: കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്); സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു; പിന്തുണ എൻഡിഎക്ക്