ഗർഭിണിയെയും രണ്ടുവയസ്സുകാരൻ മകനെയും ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ടതായി പരാതി. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബാംഗ്ലൂർ സ്വദേശിനീയായ സരസ്വതിയെയും (37 മകനെയുമാണ് കോട്ടയം വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടതായി പരാതി ഉയരുന്നത്. സ്റ്റേഷനിൽ ബോധരഹിതയായി വീണ യുവതിക്ക് പോലീസ് എത്തിയാണ് ചികിത്സ ലഭ്യമാക്കിയത്.
ചൊവ്വാഴ്ച വൈകിട്ട് കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിനു പോകുന്ന ഐലൻഡ് എക്സ്പ്രസിൽ ആണ് സംഭവം. യുവതിയും മകനും കോട്ടയത്ത് നിന്നാണ് ട്രെയിൻ കയറിയത്. എന്നാൽ ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് ഇരുവരെയും വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ ബോധം കെട്ടു വീണ യുവതിക്ക് കണ്ടുനിന്ന യാത്രക്കാരാണ് രക്ഷകരായത്. ഇവർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗർഭിണിയായി യുവതി ബോധരഹിതയായി വീഴുന്നത് കണ്ടിട്ടും റെയിൽവേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.