യൂറോപ്പിൽ കോവിഡിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ട്. എക്‌സ്ഇസി (XEC) എന്ന കൊവിഡ് വകഭേദമാണ് പടരുന്നത്.A new variant of covid is reported to be spreading
നിലവിൽ യൂറോപ്പിൽ പ്രബലമായ KS.1.1, KP.3.3 എന്നീ മുൻകാല ഒമൈക്രോൺ സബ് വേരിയൻ്റുകളുടെ ഒരു ഹൈബ്രിഡാണ് എക്‌സ്ഇസി വേരിയൻ്റ്.
അതേസമയം അതിവേഗമാണ് ഈ വകഭേദം പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ട്.
ജൂണിൽ ജർമ്മനിയിലാണ് പുതിയ വേരിയൻ്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, യുകെ, യുഎസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ എക്‌സ്ഇസി വേരിയൻ്റ് അതിവേഗം പടർന്നു പിടിച്ചു.
ഇതുവരെ, പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രെയ്ൻ, പോർച്ചുഗൽ, ചൈന എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 500 സാമ്പിളുകളിൽ എക്സ്ഇസി കണ്ടെത്തിയതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെന്മാർക്ക്, ജർമ്മനി, യുകെ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ വേരിയൻ്റിൻ്റെ ശക്തമായ വ്യാപനം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാക്‌സിനുകൾ കേസുകൾ ഗുരുതരമാകുന്നത് തടയാൻ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
മറ്റ് സമീപകാല കൊവിഡ് വേരിയൻ്റുകളെ അപേക്ഷിച്ച് എക്സ്ഇസിക്ക് കൂടുതൽ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിനുകളിലാണ് പ്രതീക്ഷ. ശൈത്യകാലത്ത് എക്‌സ്ഇസി ശക്തമായ സബ് വേരിയന്റായി മാറിയേക്കാം.
ലക്ഷണങ്ങൾ
പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയുൾപ്പെടെ മുൻകാല കൊവിഡ് വേരിയൻ്റുകളുടേതിന് സമാനമാണ് എക്‌സ്ഇസി വേരിയൻ്റിൻ്റെ ലക്ഷണങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വാക്സിനുകളും ബൂസ്റ്റർ ഷോട്ടുകളും ഗുരുതരമായ രോഗങ്ങളിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൽ നിന്നും മതിയായ സംരക്ഷണം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു