കോഴിക്കോട്: മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കിവിട്ടു. കോഴിക്കോട് സിഎസ്‌ഡബ്ള്യുഎയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം. ബിസിനസ് മോട്ടിവേഷണൽ സ്പീക്കറായ അനിൽ ബാലചന്ദ്രനെയാണ് വേദിയിലിരുന്നവർ കൂകി വിളിച്ച് ഇറക്കിവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് അനിൽ പ്രതിഫലമായി വാങ്ങിയത്. അയ്യായിരത്തോളം പ്രേക്ഷകരെ പ്രതീക്ഷിച്ച ചടങ്ങിൽ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയായിരുന്നു. സ്‌റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങിയതാണ് തുടക്കം. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം.