തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തിൽ ക്ഷേത്ര ശ്രീകോവിലിൽ ശാന്തിക്കാരനെ നഗ്നനായി കണ്ടെന്നു കാട്ടി വനിതാ ജീവനക്കാരി നൽകിയ പരാതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ ഒരു പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 18-നു നടന്ന സംഭവത്തിൽ പ്രാഥമികാനേഷണത്തിൽ ശാന്തിക്കാരൻ കുറ്റക്കാരനാണെന്നു കണ്ടെത്തി. എന്നാൽ പിന്നീട് നടപടിയെടുക്കാതെ ദേവസ്വം ബോർഡ് സംരക്ഷിക്കുന്നെന്നാണ് ആരോപണം വന്നത്.
തെളിവെടുപ്പിൽ ശാന്തിക്കാരൻ കുറ്റം ഏറ്റുപറഞ്ഞിട്ടും ഇയാളെ അതേ ക്ഷേത്രത്തിൽ തുടരാൻ ബോർഡ് അനുവദിക്കുകയായിരുന്നു. ഏറ്റുമാനൂർ അസി. ദേവസ്വം കമ്മിഷണറുടെ ഈ നടപടിക്കെതിരേ പരാതി നൽകാൻ ഭക്തജനങ്ങളുടെ കൂട്ടായ്മ തീരുമാനമെടുത്തിരിക്കുകയാണ്.
ദേവസ്വം വിജിലൻസിനടക്കം വിവിധ തലങ്ങളിൽ ലഭിച്ച പരാതിയാണ് ഒതുക്കിവച്ചിരിക്കുന്നത്. സംഭവദിവസം ക്ഷേത്രത്തിലെ കഴകക്കാരൻ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് പോയതിനെത്തുടർന്ന് ഇവിടെ മാലകെട്ടുന്ന സ്ത്രീയാണ് പകരം ജോലി നോക്കിയത്.
ഇവർ ജോലിക്കുശേഷം ഇറങ്ങുന്നു എന്ന് പറയാൻ ശ്രീകോവിലിനു മുന്നിൽ ചെന്നപ്പോഴാണ് ശാന്തിക്കാരനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
സ്ത്രീ ഇറങ്ങി ഓടിയതും പിന്നാലെ എത്തിയ ശാന്തിക്കാരൻ കണ്ടത് പുറത്തു പറയരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. എന്നാൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജീവനക്കാരി.