കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരി മരിച്ചു
തൃശ്ശൂര്‍: കൂട്ട ആത്മഹത്യാശ്രമത്തെ തുടർന്ന് ആറുവയസ്സുകാരി മരിച്ചു. തൃശൂർ ചേലക്കരയിലാണ് സംഭവം.
ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയും മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മകൾ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇന്ന് രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍ നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു.
ഈ സമയത്താണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.
വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: സ്കൂൾ കായിക മത്സരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് ഉപ്പളയിലാണ് ദാരുണ സംഭവം നടന്നത്.
മംഗൽപാടി ജിബിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.
സ്‌കൂളിലെ കായിക മൽസരത്തിനിടെ ഹസൻ റസ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം മംഗൽപാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകനാണ് ഹസൻ റസ.
വാഹനമിടിച്ച് വയോധികന്റെ മരണം; പാറശ്ശാല മുൻ എസ്എച്ച്ഒക്ക് ജാമ്യം
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തീർപ്പാക്കിയിരുന്നു.
തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തിൽ ജാമ്യമില്ലാത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
അനിൽകുമാറിന്റെ വാഹനമാണ് ഇടിച്ചത് എന്നതിന് തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങളും ഇല്ല. സംഭവം നടന്ന 50 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തെ വാഹനത്തിന്റെ ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
കേസ് ആദ്യം അന്വേഷിച്ച കിളിമാനൂർ പൊലീസാണ് എസ് എച്ച് ഒ അനിൽകുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. സംഭവത്തിൽ ദക്ഷിണ മേഖല ഐജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Summary: A 6-year-old girl died in Chelakkara, Thrissur, after a family suicide attempt.









