പാലക്കാട്: അഗളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ 55 ക്കാരിയുടെ ആത്മഹത്യ ഭീഷണി. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിന്റെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് ദേഹത്ത് മണ്ണണ്ണെയൊഴിച്ചത്. വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ് മുറിച്ച് മാറ്റാൻ പലതവണ പറഞ്ഞിട്ടും പരിഹാരം കാണാത്തതിലാണ് ഖദീജ പ്രതിഷേധവുമായി പഞ്ചായത്തിലെത്തിയത്. (A 55-year-old woman attempted suicide by pouring kerosene on her body in the panchayat office)
തന്‍റെ വീടിന് മുകളിലേക്ക് അപകടാവസ്ഥയിൽ അയൽവാസിയുടെ തെങ്ങ് ചാഞ്ഞ് നിൽക്കുന്നുണ്ടെന്ന് ഖജീദ പറയുന്നു. തെങ്ങ് മുറിച്ച് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അയൽവാസിയായ രൂപേഷ് ഇതിന് തയ്യാറായില്ല. തുടർന്ന് ഖദീജ പരാതിയുമായി പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇവർ ആരോപിച്ചു.
കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് പഞ്ചായത്ത് നടപടി എടുക്കാത്തതെന്നാണ് ഖദീജയുടെ ആരോപണം. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അഗളി പൊലിസെത്തിയാണ് ഖജീജയെ അനുനയിപ്പിച്ച് ആത്മഹത്യ ഭീഷണിയിൽ നിന്നും പിന്തിരിപ്പിച്ചത്. പരാതിയിൽ ഇടപെടാമെന്ന് പൊലീസ് പറഞ്ഞതോടെ ഖദീജ പ്രതിഷേധം അവസാനിപ്പിച്ചു. ഇവരുടെ അയൽക്കാരനായ വല്യാട്ടിൽ രൂപേഷ് എന്ന വ്യക്തിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.