രണ്ട് കൈ കൊണ്ട് തന്നെ കീബോർഡിൽ വേഗതയോടെ ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ തെറ്റ് സംഭവിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇവിടെ അതിൽ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയം കൊണ്ട് മൂക്ക് ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്ത് ലോക് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു യുവാവ്.
മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് സ്വന്തം റെക്കോർഡ് മൂന്നാം തവണയും തിരുത്തി 44 കാരനായ ഇന്ത്യക്കാരൻ. 25.66 സെക്കന്റുകളാണ് മൂന്നാം തവണ അദ്ദേഹം അക്ഷരങ്ങൾ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാനെടുത്ത സമയം. 2023ലാണ് വിനോദ് കുമാർ ചൗധരി ആദ്യമായി മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് ഗിന്നസ് റെക്കോർഡ് നേടുന്നത്. 27.80 സെക്കന്റുകളാണ് അന്ന് അദ്ദേഹം എടുത്ത സമയം. അതേ വർഷം തന്നെ 26.73 സെക്കന്റുകൾ കൊണ്ട് സ്വന്തം റെക്കോർഡ് അദ്ദേഹം തിരുത്തിയിരുന്നു.മൂക്ക് ഉപയോഗിച്ച് ടൈപ്പ് ചെയ്തത് ചിലപ്പോഴൊക്കെ തലകറക്കം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ ജീവിതത്തിൽ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ ആ അഭിനിവേശം നിലനിർത്തണമെന്ന് താൻ വിശ്വസിക്കുന്നു എന്നും വിനോദ് കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് അക്ഷരമാലയായിരുന്നു ടൈപ്പ് ചെയ്യാൻ നിർദേശിച്ചിരുന്നത്. ഓരോ അക്ഷരങ്ങൾക്കിടയിലും സ്പേസ് ഇടാനും പ്രത്യേക നിർദേശമുണ്ടായിരുന്നു. ’ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ’ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മൂക്ക് കൊണ്ട് മാത്രമല്ല. ഏറ്റവും കുറഞ്ഞ സമയത്തില്‍ അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്തതിലും (5.36 സെക്കന്‍റ്) കൈകൾ പിന്നിലേക്ക് കെട്ടി അക്ഷരമാല ഏറ്റവും കുറഞ്ഞ സമയം (6.78 സെക്കന്റ്) ടൈപ്പ് ചെയ്‌ത റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
ടൈപ്പിങ് ആണ് താന്‍റെ ജോലി. അതുകൊണ്ടാണ് അതിൽ റെക്കോർഡ് നേടണമെന്ന് തീരുമാനിച്ചതെന്നും വിനോദ് കുമാർ പറയുന്നു. മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാൻ ദിവസവും മണിക്കൂറുകളുടെ പരിശീലനം ആവശ്യമായിരുന്നു. പലപ്പോഴും തലകറക്കം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിശ്ചയദാർഢ്യമാണ് തനിക്ക് റെക്കോർഡ് നേടാൻ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. ദിവസവുമുള്ള യോഗ പരിശീലനവും തനിക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://x.com/GWR/status/1796098626323632620