കണ്ണൂര്‍: ജനസേവനകേന്ദ്രത്തില്‍ നിന്ന് എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്.
സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പകര്‍ത്തി നൽകുകയായിരുന്നു. സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു.
എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ പതിപ്പ് പിടികൂടുന്നത്.
സംഭവത്തിൽ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.