ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് ആണ് വഴിതിരിച്ചു വിട്ടത്. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
നിലവിൽ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചില റോഡുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നും തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നുമാണ് വിവരം.
വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്തമഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.