തിരുവനന്തപുരം: ഡൽഹിക്കു യാത്ര പോയ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും പരതുന്ന തിരക്കിലാണ് സൈബർ പോരാളികൾ.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനായി ഡൽഹിക്ക് തിരിച്ച വീണ ജോർജിന്റെ ഹാൻഡ് ബാഗാണ് താരം. കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി (Emporio Armani) എന്നെഴുതിയതാണ് ചർച്ചകൾക്ക് കാരണം. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി.
20000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ എംപോറിയോ അർമാനി ബാഗുകളുടെ വില. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗലൂരു എന്നിവിടങ്ങളിലായി ഈ ബ്രാൻഡിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ ഉണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര ബ്രാൻഡുകളിലൊന്നാണ് അർമാനി. ജോർജിയോ അർമാനി എന്ന ഇറ്റാലിയൻ പൗരനാണ് ലോകോത്തര ഫാഷൻ ഹൗസ് 1975 ൽ സ്ഥാപിച്ചത്.
ആഗോളതലത്തിൽ നോക്കിയാൽ സെലിബ്രിറ്റികളും സമ്പന്നൻമാരുമാണ് അർമാനി ബ്രാൻഡിന്റെ ഉപഭോക്താക്കളിലേറെയും. 1981-ൽ ജോർജിയോ അർമാനി യുവത്വത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഒരു പയനിയറിംഗ് ബ്രാൻഡാണ് എംപോറിയോ അർമാനി.
യുവതയുടെ ചലനാത്മകമായ ജീവിതശൈലിക്കായി രൂപകൽപ്പന ചെയ്ത കണ്ണടകൾ, വാച്ചുകൾ, ആഭരണങ്ങൾ, ബാഗുകൾ എന്നിങ്ങനെ നിരവധി ഐറ്റങ്ങൾ എംപോറിയോ അർമാനിയുടേതായി മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ഈ ബ്രാൻഡിൽപ്പെട്ട ബാഗാണ് മന്ത്രി വീണ ജോർജിന്റെ കയ്യിലുണ്ടായിരുന്നു.
40 ദിവസമായി സമരം നടത്തുന്ന ആശമാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഡൽഹിക്ക് പോയത് എന്നായിരുന്നു വീണ ജോർജ് വ്യക്തമാക്കിയത്. ആശമാരുടെ പ്രതിദിന ഹോണറേറിയം 232 രൂപയിൽ നിന്നും 700 രൂപയായി വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് 40 ദിവസമായി ഇവർ സമരം നടത്തുന്നത്.