ചെന്നൈ: ചെന്നൈ മധുരവയലിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തീ യണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിലെ 3 പേർക്ക് പൊള്ളലേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിനിടെയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.
അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28), ഇവരുടെ 9 മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റിരുന്നത്. മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്.
അപകടത്തെത്തുടർന്ന് മൂവരെയും അയൽവാസികൾ ചേർന്ന് കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു മൂന്ന് പേരും.
എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് 9 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിക്കുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവിന്റെ നില ഗുരുതരമാണ്.
മഞ്ജു അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽനിന്നു പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
പതിനാറാം വയസിൽ റാഗിംഗിന് ഇരയായി, മനോനില തെറ്റി,കോമ്പസ് ഉപയോഗിച്ച് സ്വന്തം കണ്ണ് കുത്തിപ്പൊട്ടിച്ചു; വേദനകളുടെ ലോകത്തു നിന്നും സാവിത്രി വിടവാങ്ങി
കാസർകോട്: പതിനാറാം വയസിൽ കോളേജിൽ റാഗിംഗിന് ഇരയായി, മനോനില തെറ്റിയതിനെ തുടർന്ന് കണ്ണു കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെട്ട സാവിത്രി (45) മരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിനിയാണ്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
1995-96 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരുന്ന സാവിത്രി 377 മാർക്കോടെ ഫസ്റ്റ് ക്ളാസിലാണ് പാസായത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിക്കു ചേർന്ന് മൂന്നാം ദിവസം കടുത്ത റാഗിങ്ങിന് ഇരയാവുകയായിരുന്നു.
മാനസിക സംഘർഷത്തെ തുടർന്ന് പിന്നീട് വീടിനു പുറത്തിറങ്ങിയില്ല. ഏതാനും വിദ്യാർത്ഥികളുടെ പേരിൽ കോളേജ് അധികൃതർ നടപടിയെടുത്തെങ്കിലും കാര്യമായ നിയമ നടപടിയില്ലാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
പഠനം നിർത്തിയ സാവിത്രി കോമ്പസ് ഉപയോഗിച്ച് വലത്തെ കണ്ണ് കുത്തിപ്പൊട്ടിക്കുകയായിരുന്നു.
ഇതോടെ ജീവിതം സ്വയം ഇരുളിലാവുകയായിരുന്നു.കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ആശുപത്രികളിൽ ചികിൽസ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ വീട് നിർമ്മിച്ച് കൊടുക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ അത് നടന്നില്ല.
പിന്നീട് പല അസുഖങ്ങളും പിടിപെട്ടു. രോഗം കൂടിയതിനാൽ മംഗളുരു യേനപോയ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുമ്പാണ് ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
മൃതദേഹം വെങ്ങാട്ടെ വസതിയിൽ കൊണ്ടുവന്നശേഷം സംസ്ക്കാരം നടത്തി. വട്ടിച്ചിയാണ് മാതാവ്. സുകുമാരി, ശാന്ത, തങ്കം എന്നിവർ സഹോദരങ്ങളാണ്.